ജിദ്ദ: സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ ഫലസ്തീനിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനും ഉപരോധം പിൻവലിക്കാനും നിരുപാധികം ക്രോസിംഗുകൾ തുറക്കാനും മാനുഷിക സഹായ വിതരണം ഉറപ്പാക്കാനും ഈ നിർണായക സാഹചര്യങ്ങളിൽ യു.എൻ റിലീഫ് ഏജൻസിയുടെ തുടർച്ചയായ പ്രവർത്തനം ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനുമേൽ സമ്മർദം ചെലുത്തണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ ആവശ്യപ്പെട്ടു.
കയ്‌റോ ഉച്ചകോടിയിൽ അംഗീകരിച്ച ഗാസ പുനർനിർമാണ പദ്ധതിയെ പിന്തുണക്കണമെന്നും പദ്ധതി നടപ്പാക്കാൻ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കണമെന്നും ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ നടന്ന അറബ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ആവശ്യപ്പെട്ടു. ഗാസയിലും വെസ്റ്റ് ബാങ്കിലും ഇപ്പോൾ നടക്കുന്നത് ഒരു ജനതയെ ഒന്നടങ്കം പിഴുതെറിയാനും പുതിയ കൊളോണിയൽ യാഥാർഥ്യം അടിച്ചേൽപ്പിക്കാനും യു.എൻ രക്ഷാ സമിതി പ്രമേയങ്ങളെയും മറ്റു ബന്ധപ്പെട്ട പ്രമേയങ്ങളെയും വെല്ലുവിളിക്കാനും ലക്ഷ്യമിട്ടുള്ള വ്യവസ്ഥാപിത നയമാണ്.
ഗൾഫ് രാജ്യങ്ങളും അറബ് രാജ്യങ്ങളും സമാധാനം തേടുകയും ഫലസ്തീൻ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്ന ന്യായമായ പരിഹാരങ്ങൾക്കായി കൈനീട്ടുകയും മേഖലയിൽ ശാശ്വതവും നീതിയുക്തവുമായ സമാധാനം സ്ഥാപിക്കാനുള്ള പദ്ധതികളും മധ്യസ്ഥതകളും മുന്നോട്ടുവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ നിയന്ത്രിക്കുന്ന ഉടമ്പടികളും പാലിക്കാനുള്ള ഇച്ഛാശക്തി ഇസ്രായിലിന് ഇല്ലാത്തതാണ് പ്രശ്‌നം.
ഫലസ്തീൻ ജനത അവരുടെ നിലനിൽപിനും സ്വത്വത്തിനും അന്തസ്സിനും ഭീഷണിയായ തുടർച്ചയായ ആക്രമണവും വ്യവസ്ഥാപിതമായ വംശീയ ഉന്മൂലനവും നേരിടുന്നു. ഈ വിനാശകരമായ മാനുഷിക സാഹചര്യത്തിന്റെ വെളിച്ചത്തിൽ, വെല്ലുവിളികളെ നേരിടുകയും അറബ് ജനതയുടെ ശബ്ദം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഏകീകൃതവും സുദൃഢവുമായ അറബ് നിലപാട് അടിയന്തിരമായി ആവശ്യമാണ്.
ഫലസ്തീൻ പ്രശ്‌നം പ്രതിബദ്ധതയുടെയും അവകാശത്തിന്റെയും കാര്യമാണ്. കാലക്രമേണ കാലഹരണപ്പെടാത്ത ചരിത്രപരമായ അവകാശം സംരക്ഷിക്കുന്ന സമുദായമെന്ന നിലയിൽ നമ്മുടെ ശേഷികളുടെ യഥാർത്ഥ പരീക്ഷണമായി ഫലസ്തീൻ പ്രശ്‌നം മാറിയിരിക്കുന്നു.
ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുന്നതിനെയും അറബ് രാജ്യങ്ങൾക്കു മേൽ, പ്രത്യേകിച്ച് ഈജിപ്തിനു മേൽ ഏതെങ്കിലും തരത്തിലുള്ള മാനുഷികമോ രാഷ്ട്രീയമോ ആയ ബാധ്യതകൾ ചുമത്തുന്നതിനെയും ജി.സി.സി നിരാകരിക്കുന്നു. നോർവേയുമായും യൂറോപ്യൻ യൂനിയനുമായുള്ള പങ്കാളിത്തത്തോടെ സൗദി അറേബ്യ ആരംഭിച്ച ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുള്ള അന്താരാഷ്ട്ര സഖ്യത്തിന് എല്ലാ രാജ്യങ്ങളും പിന്തുണ നൽകണം.
അറബ് സമാധാന പദ്ധതിക്കും അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അനുസൃതമായി, 1967 ജൂൺ നാലിലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം അടക്കം ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണക്കുന്നതിൽ ജി.സി.സി രാജ്യങ്ങളുടെ ഉറച്ച നിലപാടുകൾ സെക്രട്ടറി ജനറൽ ആവർത്തിച്ചു. ഇസ്രായിൽ ആക്രമണങ്ങൾ ഫലസ്തീൻ രാജ്യത്തിന്റെ അതിർത്തികളിൽ അവസാനിക്കുന്നില്ല. മറിച്ച്, സിറിയൻ, ലെബനോൻ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിക്കുന്നു.
ഗോലാൻ കുന്നുകൾ സിറിയയുടെ ഭൂമിയാണെന്ന ജി.സി.സിയുടെ സ്ഥിരീകരണം ആവർത്തിക്കുകയാണ്. അധിനിവിഷ്ട ഗോലാനിലെ കുടിയേറ്റ കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള ഇസ്രായിൽ തീരുമാനങ്ങളെ ശക്തമായി അപലപിക്കുന്നു. ഇത് ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും ബന്ധപ്പെട്ട യു.എൻ രക്ഷാ സമിതി പ്രമേയങ്ങളുടെയും ഗുരുതരമായ ലംഘനമാണ്. സിറിയക്കു നേരെയുള്ള ആക്രമണങ്ങൾ തടയാനും സിറിയൻ പ്രദേശങ്ങളിൽ നിന്നും തെക്കൻ ലെബനോനിൽ നിന്നും ഇസ്രായിലി അധിനിവേശ സേനയെ പിൻവലിക്കാനുമുള്ള ഉത്തരവാദിത്തങ്ങൾ അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.
യു.എൻ റിലീഫ് ഏജൻസിക്കുള്ള ജി.സി.സി രാജ്യങ്ങളുടെ പിന്തുണയും ഉറച്ച നിലപാടും ബഗ്ദാദിൽ നടന്ന 34-ാമത് അറബ് ഉച്ചകോടിയോടനുബന്ധിച്ച് ഏജൻസി കമ്മിഷണർ ജനറൽ ഫിലിപ്പ് ലസാരിനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജാസിം അൽബുദൈവി ആവർത്തിച്ചു. ഫലസ്തീൻ ജനതക്ക് സഹായം നൽകുന്നതിൽ യു.എൻ റിലീഫ് ഏജൻസി വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. യു.എൻ റിലീഫ് ഏജൻസി പിന്തുടരുന്ന ഉന്നത ലക്ഷ്യങ്ങൾ, ഫലസ്തീൻ ജനതക്കു വേണ്ടി നടത്തുന്ന മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവക്കുള്ള ജി.സി.സിയുടെ തുടർച്ചയായ പിന്തുണയും പൂർണ അംഗീകാരവും ജാസിം അൽബുദൈവി വ്യക്തമാക്കി.
ഗാസയിലേക്ക് എല്ലാ ക്രോസിംഗുകളിലൂടെയും മാനുഷിക സഹായങ്ങൾ അനിയന്ത്രിതമായി പ്രവേശിക്കണം. യു.എൻ ഏജൻസിയുടെ കേന്ദ്രങ്ങളിലും സഹായ വിതരണ കേന്ദ്രങ്ങളിലും ഇസ്രായിൽ സൈന്യം നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.
ഗാസയിലെയും എല്ലാ അധിനിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെയും അഭയാർഥി ക്യാമ്പുകളിലെയും മാനുഷിക, ദുരിതാശ്വാസ സാഹചര്യങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ കൂടിക്കാഴ്ചക്കിടെ ഇരുവരും അവലോകനം ചെയ്തു. ഏജൻസിയുടെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം മോശമായി കൊണ്ടിരിക്കുകയാണെന്നും ഫലസ്തീൻ ജനതക്കുള്ള സേവനങ്ങൾ തുടർന്നും നൽകുന്നത് ബുദ്ധിമുട്ടാണെന്നും ഏജൻസി കമ്മിഷണർ ജനറൽ വിശദീകരിച്ചു.