ദോഹ: ചൈനയില്‍ നിന്ന് മാറ്റി ഐഫോണ്‍ ഉല്‍പ്പാദനം ഇന്ത്യയിലേക്ക് മാറ്റുന്നത് നിര്‍ത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് ആപ്പിളിനോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ പലയിടത്തും ഫാക്ടറികള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആപ്പിള്‍ മേധാവി ടിം കുക്കിനോട് ട്രംപ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ടിം കുക്കിനെ ധരിപ്പിച്ചിട്ടുണ്ടെന്നും യുഎസില്‍ ഉല്‍പ്പാദനം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
നിലപാടില്‍ ഉറച്ചു നിന്നാല്‍ ട്രംപിന്റെ പുതിയ നീക്കം ആപ്പിളിന്റെ പദ്ധതികളെ ബാധിച്ചേക്കും. യുഎസില്‍ വില്‍ക്കാനുള്ള ഐഫോണുകള്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് ആപ്പിളിന്റെ പദ്ധതി. നിലവില്‍ ഇന്ത്യയിലെ ഉല്‍പ്പാദനം വലിയ തോതില്‍ വര്‍ധിപ്പിച്ചു വരികയാണ് കമ്പനി. രാഷ്ട്രീയ സംഘര്‍ഷവും വ്യാപാര യുദ്ധവും കാരണം ചൈനയില്‍ നിന്ന് ഉല്‍പ്പാദനം മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് ആപ്പിള്‍ ഉല്‍പ്പാദനം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. നിലവില്‍ ഏറിയ പങ്കും ചൈനയിലാണ് ഐഫോണ്‍ നിര്‍മ്മിക്കുന്നത്. ആപ്പിളിന് യുഎസില്‍ സ്മാര്‍ട്‌ഫോണ്‍ ഉല്‍പ്പാദനം ഇല്ല.
ഇന്ത്യയില്‍ ഐഫോണ്‍ ഉല്‍പ്പാദനം വലിയ തോതില്‍ ആപ്പിള്‍ വര്‍ധിപ്പിച്ചു വരികയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 60 ശതമാനമാണ് വര്‍ധന. ടാറ്റ ഇലക്ട്രോണിക്‌സ്, ഫോക്‌സ്‌കോണ്‍ എന്നിവരുമായി ചേര്‍ന്നാണ് ഇന്തയില്‍ ആപ്പിള്‍ ഐഫോണ്‍ നിര്‍മിച്ചു വരുന്നത്.