കണ്ണൂർ: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് തെറ്റല്ലെങ്കിലും ശരിയായില്ലെന്ന് കെ സുധാകരൻ എം.പി. തന്നെ മാറ്റിയതിൽ നിരാശയില്ല. കെ സുധാകരന്റെ സേവനം മതി എന്ന് ഹൈക്കമാൻഡിന് തോന്നിയാൽ തന്നെ മാറ്റാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഘടനാപരമായി പോരായ്മ ഉണ്ടെന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഒരു നേതാവ് നിരന്തരമായി എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു. ഡൽഹിയിലെ യോഗത്തിൽ പോകുന്നതിൽ അർത്ഥമില്ലെന്ന് കരുതിയതുകൊണ്ടാണ് കഴിഞ്ഞദിവസം പോകാതിരുന്നതെന്നും കെ സുധാകരൻ നേതൃത്വത്തിനെതിരേ തുറന്നടിച്ചു.
എന്തുകൊണ്ടായിരിക്കും ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്ന് തനിക്ക് അറിയില്ല. തനിക്കെതിരായ നീക്കത്തിന് പിന്നിലുള്ളവരെയൊന്നും കണ്ടെത്താൻ ശ്രമിച്ചിട്ടില്ലെന്നും കാരണം ശത്രുക്കളെയുണ്ടാക്കാൻ താത്പര്യമില്ലെന്നും പറഞ്ഞു. ശത്രുത വരേണ്ട ഒരു പാർട്ടിയല്ല കോൺഗ്രസ്. പരമാവധി ശത്രുതയൊഴിവാക്കി സ്‌നേഹത്തോടെ പോകേണ്ട സംഘടനയാണിത്. എങ്കിലെ കോൺഗ്രസിന് വിജയത്തിന് സാധ്യതയുള്ളൂ. താൻ അതിലാണ് ഫോക്കസ് ചെയ്തിരുന്നത്.
കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുൻഷിക്ക് താങ്കളുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തിന് അവരുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാൽ സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ച് തനിക്ക് പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീപ ദാസിനെ മാറ്റണമെന്ന് അഭിപ്രായമുണ്ടോ എന്ന് ചോദിച്ചപ്പോൾ, അക്കാര്യത്തിൽ താൻ പറയേണ്ടിടത്ത് പറഞ്ഞോളാം എന്നായിരുന്നു മറുപടി.
നേതൃത്വം ഇല്ലെങ്കിലും താൻ ഉത്തരവാദിത്വം നിറവേറ്റും. അതിന് തനിക്ക് സ്ഥാനം വേണ്ട, പ്രവർത്തകർ മതി. പാർട്ടിയുടെ അംഗീകാരമോ അഭിനന്ദനമോ പോലും തനിക്ക് വേണ്ട. താൻ പാർട്ടിക്ക് വിധേയനാണെന്നും പാർട്ടി പറയുന്ന ഏത് പോസ്റ്റും ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു. തനിക്ക് അഖിലേന്ത്യ നേതൃത്വത്തിനോട് എതിർപ്പില്ല. പ്രതിപക്ഷ നേതാവിനെ മാറ്റേണ്ട എന്ന് അവർക്ക് താത്പര്യമുണ്ടായിരിക്കും. അതിൽ ചില നേതാക്കൾക്കടക്കം വ്യക്തിപരമായ താത്പര്യമുണ്ടാകും. തന്നെ മാറ്റുന്നതിൽ വി ഡി സതീശന് പങ്കുണ്ടെന്ന് താൻ വിശ്വസിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.
താൻ ആരുടേയും പിന്തുണയ്ക്ക് വേണ്ടി പിറകെ നടന്നിട്ടില്ല. സണ്ണി ജോസഫ് ക്രൈസ്തവനായതുകൊണ്ടല്ല അധ്യക്ഷ പദവിയിൽ എത്തിയത്, അദ്ദേഹത്തിന് അർഹതയുണ്ട്. സണ്ണി ജോസഫ് തന്റെ നോമിനി അല്ലെങ്കിലും പൂർണ പിന്തുണയുണ്ട്. താൻ പ്രവർത്തകന്മാരെ സ്‌നേഹിക്കുന്നത് പോലെ ഒരാളും പാർട്ടിയിൽ സ്‌നേഹിക്കില്ല. താൻ കുട്ടികൾക്കും പ്രവർത്തകന്മാർക്കും വേണ്ടി ഏതറ്റം വരെയും പോകും. ആ നന്ദി അവർ തന്നോട് കാണിക്കുന്നുണ്ട്. നിയമസഭക്കകത്ത് പ്രതിപക്ഷത്തിന്റെ പ്രകടനം മെച്ചപ്പെടുത്തണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിന്റെ ചുമതല തനിക്ക് ലഭിക്കുമെന്നാണ് സൂചന. അങ്ങനെ ലഭിച്ചാൽ ചുമതല ഏറ്റെടുക്കുമെന്നും പാർട്ടിയിൽ വലിയ പൊളിച്ചെഴുത്ത് നടത്തുമെന്നും വരാൻ പോകുന്ന തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നും കെ സുധാകരൻ വ്യക്തമാക്കി.