ജിദ്ദ: ഈയിടെ അന്തരിച്ച പ്രശസ്ത ചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായിരുന്ന ഷാജി എൻ കരുനിനെ അനുസ്മരിക്കുന്നതിനായി “മറുപിറവി” എന്ന പേരിൽ സമീക്ഷ സാഹിത്യവേദിയൊരുക്കിയ പരിപാടി ശ്രദ്ധേയമായി. ഷാജി എൻ കരുണിന്റെ ആദ്യ ചിത്രമായ “പിറവി” പ്രദർശിപ്പിച്ചു. നാലു ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും കാൻ ഫിലിം ഫെസ്റ്റിവൽ ‘ഗോൾഡൻ കാമറ’ പരാമർശമടക്കം നിരവധി അന്തർദേശീയ പുരസ്കാരങ്ങളും കരസ്ഥമാക്കിയ പിറവിയുടെ സൗന്ദര്യശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രസക്തി മൂന്നരപ്പതിറ്റാണ്ടിനു ശേഷം ഇന്നും നിലനിൽക്കുന്നതായി പ്രേക്ഷകർ വിലയിരുത്തി.
അനുസ്മരണയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ മുസാഫിർ ‘പിറവി’ യ്ക്കു പ്രചോദനമായി മാറിയ രാജൻ കേസിനെക്കുറിച്ചും അടിയന്തരാവസ്ഥക്കാലത്തു നിലനിന്ന സവിശേഷ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചും സൂചിപ്പിച്ചു. ഷാജിയുടെ വ്യക്തിജീവിതം, ചലച്ചിത്രജീവിതം, കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ അദേഹം സമഗ്രമായി വിലയിരുത്തി.
‘പിറവി’ യെ മുൻനിർത്തി, സിനിമയുടെ സാങ്കേതികതകളെക്കുറിച്ചും സംവിധാനതന്ത്രങ്ങളെക്കുറിച്ചും, സിനിമാപ്രവർത്തകനായ അലി അരീക്കത്ത് വിശദീകരിച്ചു. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ അപ്രത്യക്ഷരാകുന്ന മനുഷ്യരെക്കുറിച്ചു സംസാരിച്ച കിസ്മത്ത് മമ്പാട് പിറവിയുടെ സമകാലികപ്രസക്തി ചൂണ്ടിക്കാട്ടി. ഷാജു അത്താണിക്കൽ, അനുപമ ബിജുരാജ്, സലീന മുസാഫിർ, റഫീഖ് പത്തനാപുരം,
വാസു വെള്ളത്തേടത്ത്, ഡെൻസൻ ചാക്കോ, സുബൈർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സമീക്ഷ ചെയർമാൻ ഹംസ മാദാരി അധ്യക്ഷത വഹിച്ചു. കൺവീനർ അസ്സൈൻ ഇല്ലിക്കൽ സ്വാഗതവും മുഹമ്മദ് സാദത്ത് നന്ദിയും പറഞ്ഞു. സുനിത അസ്സൈൻ, ബിജുരാജ് രാമന്തളി, അദ്‌നാൻ തുടങ്ങിയവർ നേതൃത്വം നൽകി. .