ദോഹ : രണ്ട് ദിവസത്തെ ഖത്തർ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ് ദോഹയിൽ എത്തി. ഇന്ന് ഉച്ചക്ക് ഖത്തർ സമയം 2:00 മണിയോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമേരിക്കൻ പ്രസിഡണ്ടിന് രാജകീയമായ സ്വീകരണമാണ് ഒരുക്കിയത്. ഖത്തർ എയർഫോഴ്സിന്റെ അകമ്പടിയോടെയാണ് ട്രംപിന്റെ വിമാനം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. സൗദി സന്ദർശനം പൂർത്തിയാക്കി ഖത്തറിൽ എത്തിയ ട്രംപിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി വിമാനത്താവളത്തിൽ സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്നും നേരെ അമീരി ദിവാനിയിൽ എത്തിയ അമേരിക്കൻ പ്രസിഡണ്ടിനെ സ്വീകരിക്കാൻ ഖത്തർ അമീർ എത്തിയിരുന്നു.
ഖത്തറുമായി ഏറ്റവും ഉയർന്ന രീതിയിൽ സഹകരിച്ച് പ്രവർത്തിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് ദോഹയിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് പ്രസ്താവിച്ചു. അമീരി ദിവാനിയിൽ നൽകിയ സ്വീകരണത്തിന് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ലോകത്ത് സമാധാനം കൊണ്ടുവരുന്നതിൽ നമുക്ക് സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്നും ഒന്നിച്ച് പ്രവർത്തിക്കാനുള്ള സന്ദർഭമാണ് ഇതെന്നും ഖത്തർ അമീർ പറഞ്ഞു. മേഖലയിലെ സമാധാനവും അമേരിക്കയും ഖത്തറും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും അമീരി ദിവാനിയിലെ കൂടിക്കാഴ്ചയിൽ സംസാരിച്ചു.