ന്യൂഡല്‍ഹി– അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പഞ്ചാബില്‍ നിന്നും പാകിസ്ഥാന്‍ കസ്റ്റടിയിലെടുത്ത ബി.എസ്.എഫ് ജവാനെ മോചിപ്പിച്ചു. പൂര്‍ണം കുമാര്‍ ഷായെയാണ് മോചിപ്പിച്ചത്. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണലുള്ള മരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്ന ഇദ്ദേഹത്തെ പാകിസ്ഥാന്‍ കസ്റ്റടിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യ-പാകിസ്ഥാന്‍ ഡി.ജി.എം.ഒമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
മെയ് 14ന് രാവിലെ 10 മണിക്ക് പ്രോട്ടോക്കോള്‍ പാലിച്ച് വാഗ-അട്ടാരി അതിര്‍ത്തി വഴിയാണ് ജവാനെ ഇന്ത്യക്ക് കൈമാറിയത്. നേരത്തെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പിടിയിലായപ്പോഴും വാഗ-അട്ടാരി അതിര്‍ത്തി വഴിയാണ് കൈമാറ്റം നടത്തിയത്. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ച ഘട്ടത്തിലാണ് ജവാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ പിടിയിലാകുന്നത്.
ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ ഇരു രാജ്യങ്ങളുടെയും അല്ലാത്ത സ്ഥലത്ത് കൃഷി നടത്താന്‍ ഇരു രാജ്യങ്ങളിലെയും കര്‍ഷകര്‍ക്ക് അനുവാദം നല്‍കാറുണ്ട്. പഹല്‍ഗാം ആക്രമണത്തിന് ശേഷം മേഖലയിലെ വിളവെടുപ്പ് നടത്താന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് പൂര്‍ണം ഷായെ ആദ്യം തന്നെ ഇന്ത്യ പിന്‍വലിച്ചിരുന്നു. എന്നാല്‍ കൃഷിസ്ഥലങ്ങള്‍ വൃത്തിയാക്കാനെത്തിയ കര്‍ഷകര്‍ക്ക് സഹായം നല്‍കാനും മറ്റുമായി അദ്ദേഹത്തെ ഇവിടേക്ക് വീണ്ടും നിയോഗിക്കുകയായിരുന്നു. ഈ ജോലിക്കിടെ മരച്ചുവട്ടില്‍ വിശ്രമിക്കുമ്പോഴാണ് പാകിസ്ഥാന്‍ സൈന്യത്തിലെ റേഞ്ചര്‍മാര്‍ ഇദ്ദേഹത്തെ പിടികൂടുന്നത്.