ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിമാര്‍ ഇടയ്ക്കിടെ അനാവശ്യമായി കാപ്പികുടി ഇടവേളകള്‍ എടുക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ജഡ്ജിമാര്‍ക്കു വേണ്ടിയുള്ള ചെലവുകളും അവരുടെ പ്രകടനവും വിലയിരുത്തപ്പെടണമെന്നും സുപ്രീം കോടതി. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ചെലവുകളും അവരുടെ പ്രകടനവും വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കൊടീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ചാണ് ഹൈക്കോടതി ജഡ്ജിമാര്‍ സമയം പാഴാക്കുന്നതില്‍ അതൃപ്തി അറിയിച്ചത്.
കഠിനാധ്വാനം ചെയ്യുന്ന ജഡ്ജിമാരുണ്ട്, എന്നാല്‍ ചില ജഡ്ജിമാര്‍ അനാവശ്യമായി കോഫി ബ്രേക്കുകള്‍ എടുക്കുന്നുണ്ട്. ഉച്ചഭക്ഷണ ഇടവേള പിന്നെ എന്തിനുള്ളതാണ്. ഇത് കാര്യമായി പരിഗണിക്കേണ്ട ഗൗരവമുള്ള വിഷയമാണ്. ഹൈക്കോടതി ജഡ്ജിമാരുടെ പ്രകടനവും വിലയിരുത്തപ്പെടണം. എത്രയാണ് അവര്‍ക്കു വേണ്ടി ചെലവാക്കുന്നതെന്നും എന്ത് ഫലമാണ് ലഭിക്കുന്നതെന്നും നോക്കണം. ഒരു പ്രകടനം വിലയിരുത്തല്‍ നടത്തേണ്ടത് അത്യാവശ്യമാണ്- സുപ്രീം കോടതി പറഞ്ഞു.
ജാര്‍ഖണ്ഡ് ഹൈക്കോടതി 2022ല്‍ മാറ്റിവച്ച അപ്പീലില്‍ ഇതുവരെ വിധിപറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി നാലു പേര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ അമര്‍ഷം രേഖപ്പെടുത്തിയത്. സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്ന് മേയ് അഞ്ചിനും ആറിനും പ്രസ്തുത കേസില്‍ ഹൈക്കോടതി വിധി പറഞ്ഞിരുന്നു. നാലു പ്രതികളില്‍ മൂന്ന് പേരെ കുറ്റമുക്തരാക്കിയെങ്കിലും ഒരാളുടെ കാര്യത്തില്‍ ഭിന്ന വിധിയാണുണ്ടായത്. ഇത് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു റഫര്‍ ചെയ്യുകയും പിന്നീട് പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കുറ്റമുക്തരാക്കപ്പെട്ട മൂന്ന് പേരേയും ജയിലില്‍ നിന്ന് മോചിപ്പിച്ചില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഉത്തരവ് നടപ്പാക്കേണ്ട തീയതി ഹൈക്കോടതി വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഉണര്‍ത്തി.
ഉടന്‍ ഇടപെട്ട സുപ്രീം കോടതി മൂന്ന് പേരേയും ചൊവ്വാഴ്ച ഉച്ചഭക്ഷണ ഇടവേളയ്ക്കു മുമ്പായി മോചിപ്പിക്കണമെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകനോട് ഉത്തരവിട്ടു. പിന്നീട് രണ്ടു മണിക്ക് കോടതി വീണ്ടും ചേര്‍ന്നപ്പോള്‍ ഇവരെ മോചിപ്പിച്ചകാര്യം അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ കോടതിയിലില്‍ നിന്ന് ജാമ്യ ഉത്തരവ് ലഭിക്കാത്തിനാലാണ് മോചനം വൈകിയതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ഇടപെട്ടിട്ടില്ലായിരുന്നുവെങ്കിലും നാലു പേര്‍ക്കും ഇപ്പോഴും ജയില്‍ മോചനം സാധ്യമാകുമായിരുന്നില്ലെന്ന് ഇവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷക ഫൈസിയ ഷക്കീല്‍ പറഞ്ഞു.