വാഷിങ്ടന്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കാന്‍ സാധ്യതയുണ്ടായിരുന്ന ആണവ യുദ്ധം തടഞ്ഞത് താനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ അവകാശവാദം. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന മിലിറ്ററി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്താന്‍ ധാരണയിലെത്തിയതെന്നും ഇതില്‍ മൂന്നാം കക്ഷിക്ക് പങ്കില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
ഇതിവിടെ നിര്‍ത്താം, നിങ്ങളുമായി കൂടുതല്‍ വ്യാപാരം നടത്താന്‍ ആഗ്രഹമുണ്ടെന്നാണ് താന്‍ ഇരുരാജ്യങ്ങളോടും പറഞ്ഞതെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ ധാരണയുണ്ടാക്കാന്‍ തന്റെ ഭരണകൂടമാണ് സഹായിച്ചതെന്നും ഈ വെടിനിര്‍ത്തല്‍ സ്ഥിരമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രണ്ടു രാജ്യങ്ങളേയും ശക്തരെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനുള്ള തിരിച്ചറിവ് ഇരുരാജ്യങ്ങള്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ കുറെ സഹായിച്ചു. വ്യാപാരത്തിലും സഹായിച്ചു. യുദ്ധം ഇപ്പോള്‍ നിര്‍ത്തിയാല്‍ ഇനിയും നിങ്ങളുമായി ഞങ്ങള്‍ കുറെ വ്യാപാരം ചെയ്യും. നിര്‍ത്തിയില്ലെങ്കില്‍ വ്യാപാരവും നിര്‍ത്തും. വ്യാപാരത്തെ ഞാന്‍ ഉപയോഗിച്ചതു പോലെ ആളുകള്‍ ഉപയോഗിച്ചിട്ടില്ല. ഇതു പറഞ്ഞതോടെ അവര്‍ നിര്‍ത്തുകയാണെന്ന് അറിയിച്ചു,’ ട്രംപ് പറഞ്ഞു. യുഎസ് ഒരു ആണവ സംഘര്‍ഷമാണ് തടഞ്ഞത്. അതിന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനും വിദേശകാര്യ സെക്രട്ടറി മാര്‍ക്ക് റുബിയോക്കും ട്രംപ് നന്ദിയും അറിയിച്ചു.