ജിദ്ദ: സൗദിയിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ചരക്ക് വാഹനങ്ങളുടെ പരമാവധി ഭാരം 45 ടൺ കവിയരുതെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു. അമിത ഭാരം പിഴക്ക് കാരണമാകും.
ചരക്ക് ഗതാഗത മേഖലയിൽ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും അംഗീകൃത രീതികൾ ഉപയോഗിച്ച് ട്രക്കുകളുടെ ഭാരം പരിശോധിക്കണം.
അപകടസാധ്യതകൾ കുറക്കാനും സൗദിയിലെ പ്രവിശ്യകളിലും നഗരങ്ങളിലും ഉടനീളമുള്ള ഗതാഗത, ചരക്ക് ഡെലിവറി പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് വാഹന ഭാര പരിശോധനാ പ്രക്രിയയുടെ ലക്ഷ്യം. ഇത് പാലിക്കാതിരുന്നാൽ പിഴ ചുമത്തും.
ഫിക്‌സഡ് അല്ലെങ്കിൽ മൊബൈൽ വെയിംഗ് സ്റ്റേഷനുകൾ, വാഹന ട്രാക്കിംഗും വെയ്റ്റ് റീഡിംഗുകളും സാധ്യമാക്കുന്ന ഭാരം അളക്കലുമായി ബന്ധിപ്പിച്ചിട്ടുള്ള ട്രാക്കിംഗ് സിസ്റ്റം, ഡിജിറ്റൽ സ്ഥിരീകരണ പ്രക്രിയകൾ സുഗമമാക്കുന്ന അതോറിറ്റിയുടെ സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാർട്ട് മെഷറിംഗ് ഉപകരണങ്ങൾ എന്നിവ ട്രക്കുകളുടെ ഭാരം പരിശോധിക്കാൻ ഉപയോഗിക്കുന്ന അംഗീകൃത രീതികളിൽ ഉൾപ്പെടുന്നതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി പറഞ്ഞു.
ട്രക്ക് അളവുകളുമായി ബന്ധപ്പെട്ട റെഗുലേറ്ററി സ്‌പെസിഫിക്കേഷനുകൾ ചരക്ക് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നവർ പാലിക്കണം. ട്രക്കിന്റെ നീളം 12.50 മീറ്ററിലും ട്രെയിലറിന്റെും സെമിട്രെയിലറിന്റെയും നീളം 23 മീറ്ററിലും ട്രെയിലർ ട്രക്കിന്റെ നീളം 20 മീറ്ററിലും കൂടരുത്. ട്രക്കുകളുടെയും ലോറികളുടെയും വീതി 2.60 മീറ്ററിൽ കൂടാൻ പാടില്ല. ഉയരം ലോഡ് ഇല്ലാതെ 4.50 മീറ്ററിലും ലോഡ് ഉണ്ടാകുമ്പോൾ 4.80 മീറ്ററിലും കൂടരുത്.
വാഹനത്തിന്റെ ആകെ ഭാരം 45 ടണ്ണിൽ കൂടരുത്. ആക്‌സിലുകളിലെ പരമാവധി ഭാരം സ്റ്റിയറിംഗ് ചെയ്യാത്ത അറ്റത്തിന് 6.5 ടൺ, സിംഗിൾവീൽ സ്റ്റിയറിംഗ് ആക്‌സിലിന് 8 ടൺ, ഡ്യുവൽവീൽ സ്റ്റിയറിംഗ് ആക്‌സിലിന് 10 ടൺ, സ്റ്റിയറിംഗ് ചെയ്യാത്ത ആക്‌സിലിന് 13 ടൺ എന്നിങ്ങനെയും നിർണയിച്ചിട്ടുണ്ട്.