ന്യൂദൽഹി- ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും എല്ലാ യാത്രക്കാരും ബോർഡിംഗിന് മുൻപായി നൂറു ശതമാനം കർശന സുരക്ഷ പരിശോധനകൾക്ക് വിധേയരാകണമെന്ന് സർക്കാർ ഉത്തരവിട്ടു. വിമാനയാത്ര സുരക്ഷ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയര്‍ത്തി ഉത്തരവിട്ടു. സിവിൽ ഏവിയേഷൻ സുരക്ഷാ ബ്യൂറോ (BCAS) പുറത്തിറക്കിയ ഉത്തരവുപ്രകാരം, രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും എല്ലാ യാത്രക്കാരും സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക് (LPSC) എന്ന മുൻകൂർ ബോർഡിംഗ് പരിശോധനയ്ക്ക് വിധേയരാകണം. ടെർമിനൽ കെട്ടിടങ്ങളിലേക്കുള്ള സന്ദർശകരുടെ പ്രവേശനവും നിരോധിച്ചിട്ടുണ്ട്. അതേസമയം, മുഴുവൻ വിമാനതാവളങ്ങളും അടച്ചിടാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
മറ്റു സുരക്ഷാ നിർദേശങ്ങൾ:
എല്ലാ സി.സി.ടി.വി ക്യാമറകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാൻ വിമാനത്താവള ഓപ്പറേറ്റർമാർക്ക് നിർദേശം നൽകി. എയർ മാർഷലുകളുടെ വിന്യാസം പുതിയ സുരക്ഷാ സാഹചര്യത്തിന് അനുയോജ്യമായി പുനക്രമീകരിക്കും.
വിമാനത്താവളങ്ങൾക്കും പാർക്കിംഗ് പ്രദേശങ്ങൾക്കുമുള്ള പ്രവേശനമാർഗങ്ങളിൽ വാഹനങ്ങൾക്കും വ്യക്തികൾക്കും തീവ്ര പരിശോധന നടത്തും. യാത്രക്കാരുടെയും സ്റ്റാഫിന്റെയും തിരിച്ചറിയൽ രേഖകൾ പൂർണ്ണമായും പരിശോധിക്കും.
വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാരുടെ ലഗേജ് വീണ്ടുംവീണ്ടും പരിശോധിക്കും.
വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, എയർഫോഴ്‌സ് സ്റ്റേഷനുകൾ, ഹെലിപ്പാഡുകൾ, വിമാന പരിശീലന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തിപ്പെടുത്തും.
മൈക്രോലൈറ്റ് വിമാനങ്ങൾ, ഡ്രോൺ, പാരാഗ്ലൈഡർ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ കർശനമായ മോണിറ്ററിംഗിന് വിധേയമാക്കും. വിമാനങ്ങൾക്കരികിൽ അധിക സുരക്ഷാ ജീവനക്കാരെ നിയോഗിക്കും. എയർ ആംബുലൻസുകൾ ഉൾപ്പെടെ ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തും. അതേസമയം, ഇന്ത്യയിലെ മുഴുവൻ വിമാനതാവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല.