ന്യൂദൽഹി- ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ തകർക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചുവെന്നും ഇതിനെ സൈന്യം തകർത്തുവെന്നും ഇന്ത്യ. വിദേശകാര്യമന്ത്രാലയം നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാന് എതിരായ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.
ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് പാക്കിസ്ഥാൻ സൈന്യം ആക്രമണം നടത്താൻ ശ്രമിച്ചു. അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവയുൾപ്പെടെ വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങളിലേക്കാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചത്. ഇവ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നിർവീര്യമാക്കിയെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. പാകിസ്ഥാൻ ആക്രമണത്തിന് തെളിവായി നിരവധി സ്ഥലങ്ങളിൽ നിന്ന് ഈ ആക്രമണങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോൾ കണ്ടെടുക്കുന്നുണ്ട്.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപമുള്ള നാല് ജില്ലകളിലെ ഗ്രാമങ്ങളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ കനത്ത മോർട്ടാർ ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ 12 സാധാരണക്കാർ കൊല്ലപ്പെടുകയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൂഞ്ച് സെക്ടറിലെ എൽഒസിക്ക് സമീപം പാകിസ്ഥാൻ സൈന്യത്തിന്റെ “പ്രകോപനമില്ലാത്ത ഷെല്ലാക്രമണത്തിൽ” ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണമാണ് യഥാർത്ഥത്തിൽ ഇന്ത്യക്കും പാക്കിസ്ഥാനം ഇടയിൽ സംഘർഷം സൃഷ്ടിച്ച സംഭവം. ഇതിനു ശേഷമാണ് ഈ പരമ്പര ആരംഭിച്ചത്. ഇന്നലെ ഇന്ത്യൻ സൈന്യം അതിന് മറുപടി നൽകിയിട്ടുണ്ട്. പെഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ഈ സംഘം ലഷ്‌കറിന്റെ ഭാഗമാണ്. ഇന്ത്യൻ ഉദ്യോഗസ്ഥർ ഇതിനെക്കുറിച്ച് യുഎന്നിനെ അറിയിച്ചെന്നും ഇന്ത്യ വ്യക്തമാക്കി.
പൂഞ്ചിലും രജൗരിയിലും കനത്ത ആക്രമണമാണ് പാക്കിസ്ഥാൻ നടത്തിയത്. ഇതിനെ അതിശക്തമായി ഇന്ത്യ തിരിച്ചടിച്ചുവെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
പാകിസ്ഥാനിലെ തീവ്രവാദ ഒളിത്താവളങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു. അവ തകർക്കേണ്ടത് അത്യാവശ്യമാണെന്നും വിക്രം ശർമ പറഞ്ഞു. പഹൽഗാം ആക്രമണകാരികളെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇന്ത്യയിൽ അതിർത്തി കടന്നുള്ള ഭീകരത വ്യാപിപ്പിക്കാനുള്ള പാകിസ്ഥാന്റെ പദ്ധതി തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. തീവ്രവാദികളുടെ സുരക്ഷിത താവളമാണ് പാകിസ്ഥാൻ. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ആക്രമണത്തിന്റെ കുറ്റവാളികളെയും അതിന്റെ ആസൂത്രകരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു.
പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളെ തടയേണ്ടത് അത്യാവശ്യമായിരുന്നു. അവയെ തടയാനുള്ള അവകാശം ഞങ്ങൾ ഉപയോഗിച്ചു. ഈ നടപടി അളന്നുമുറിച്ചതും ഉത്തരവാദിത്തമുള്ളതുമാണ്. തീവ്രവാദത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കുന്നതിലും തീവ്രവാദികളെ നിർവീര്യമാക്കുന്നതിലും ഞങ്ങളുടെ പ്രവർത്തനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.