തിരുവനന്തപുരം– സംസ്ഥാനത്ത് ഓണത്തിനും ക്രിസ്മസിനും നടത്തുന്ന പരീക്ഷകള്‍ ഒഴിവാക്കണമെന്ന് വിദഗ്ദ സമിത ശിപാര്‍ശ. ഹൈസ്‌കൂള്‍ പ്രവൃത്തി സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കണമെന്നും ശിപാര്‍ശയിലുണ്ട്. വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയാണ് നിര്‍ദേശം അറിയിച്ചത്. തുടര്‍ച്ചയായി ആറു ദിവസം പ്രവൃത്തിദിനം വരാത്ത മാസം ഒരു ശനിയാഴ്ച ക്ലാസ് നടത്തണമെന്നും നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.
സ്‌കൂള്‍ പരീക്ഷകള്‍ അര്‍ധ വാര്‍ഷിക പരീക്ഷ, വാര്‍ഷിക പരീക്ഷ എന്നിങ്ങനെ രണ്ടെണ്ണമാക്കി നടത്തുക, ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്ക് ദിവസവും അരമണിക്കൂര്‍ കൂട്ടി വര്‍ഷത്തില്‍ 1200 മണിക്കൂര്‍ അധ്യയനം ഉറപ്പാക്കുകണമെന്നും ശിപാര്‍ശയിലുണ്ട്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് വിദഗ്ദ സമിതി രൂപീകരിച്ചത്. കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രഫ. വി.പി ജോതിഷിന്റെ നേത്രത്വത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് റിപ്പാര്‍ട്ട് കൈമാറിയത്.