ന്യൂഡൽഹി: പഹൽഗാമിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന സൂചനയുമായി കേന്ദ്രം. സാധാരണക്കാരെ ആക്രമിച്ച് പാക് പ്രകോപനം തുടർന്നാൽ പാക് സൈനിക കേന്ദ്രങ്ങളടക്കം ആക്രമിച്ച് ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.
നിലവിൽ പാകിസ്താനിലെ ഒൻപത് ഭീകര താവളങ്ങളാണ് ഇന്ത്യ കഴിഞ്ഞദിവസം ആക്രമിച്ചത്. രാജ്യത്തിന്റെ പട്ടികയിൽ 21 പാക് ഭീകര കേന്ദ്രങ്ങളുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
അതിനിടെ, നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി മുന്നോട്ട് പോകാൻ കേന്ദ്രം ഇന്ന് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
അടിയന്തിര സാഹചര്യം പരിഗണിച്ച് നേപ്പാൾ, പാകിസ്താൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങൾ അവശ്യ വസ്തുക്കൾ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചു. ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ എന്നിവർ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാകണമെന്നും ഭീകരവാദികൾക്ക് രാജ്യം മാപ്പു നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പകരത്തിന് പകരം കഴിഞ്ഞുവെന്നും ഇനി നിർത്തണമെന്ന് ഇന്ത്യയോടും പാകിസ്താനോടും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും ഇനി പ്രശ്‌നങ്ങളുണ്ടാക്കരുത്. ഇന്ത്യ കടം വീട്ടിയെന്നും ഇനി ആക്രമിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പ്രതികരിച്ചു.