മുംബൈ – ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന്റെ ആധിപത്യം ക്രമാനുഗതമായി കുറയുകയാണ്. 2024-ൽ രാജ്യത്ത് വിറ്റ മൊത്തം ഇലക്ട്രിക് വാഹനങ്ങളിൽ 62% ടാറ്റയുടേതായിരുന്നെങ്കിൽ, 2025 ഏപ്രിൽ വരെയുള്ള കണക്കുകളിൽ ഇത് 36% ആയി കുറഞ്ഞു. 2024 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ, 2025 ഏപ്രിലിൽ ടാറ്റയുടെ ഇലക്ട്രിക് വാഹന (ഇ.വി) വിൽപ്പന 14% കുറഞ്ഞ് 4,461 യൂണിറ്റുകളായി. എംജി മോട്ടോർ, മഹിന്ദ്ര ആൻഡ് മഹിന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികൾ ശക്തമായ മത്സരം ഉയർത്തുന്നതാണ് ടാറ്റയുടെ വിപണി വിഹിതം കുറയാനുള്ള പ്രധാന കാരണം.
2024-ൽ ടാറ്റ മോട്ടോഴ്‌സ് 61,435 ഇലക്ട്രിക് വാഹനങ്ങൾ വിറ്റ് രാജ്യത്ത് ഒന്നാം സ്ഥാനത്തായിരുന്നു. 2023-ലെ 59,580 യൂണിറ്റുകളെ അപേക്ഷിച്ച് 2% വളർച്ചയാണ് കഴിഞ്ഞ വർഷം ടാറ്റ രേഖപ്പെടുത്തിയത്. എന്നാൽ, രണ്ടാം സ്ഥാനത്തുള്ള എംജി മോട്ടോർ 21,484 യൂണിറ്റുകൾ വിറ്റ് 125% വളർച്ച നേടി. 2024 ഒക്ടോബറിൽ അവതരിപ്പിച്ച വിൻഡ്‌സർ ഇ.വിയുടെ വിജയമാണ് എം.ജിക്ക് കരുത്തായത്. 2023-ലെ 4,269 യൂണിറ്റുകളെ അപേക്ഷിച്ച് 66% വളർച്ച നേടിയ മഹിന്ദ്ര 7,104 യൂണിറ്റുകൾ (XUV400) വിറ്റ് മൂന്നാം സ്ഥാനത്തെത്തി. ഹ്യുണ്ടായ് 2,410 യൂണിറ്റുകളും കിയ 410 യൂണിറ്റുകളും 2024-ൽ വിറ്റു.
2025-ൽ കടുത്ത മത്സരം
കഴിഞ്ഞ വർഷം 62% മാർക്കറ്റ് വിഹിതം ഉണ്ടായിരുന്ന ടാറ്റയ്ക്ക് 2025-ൽ പാടേ പിഴക്കുന്നതാണ് കാണുന്നത്. എംജി മോട്ടോറിന്റെ വിൻഡ്‌സർ ഇ.വിയും മഹിന്ദ്രയുടെ ‘ബോൺ ഇലക്ട്രിക്’ (BE) മോഡലുകളായ BE 6e, XEV 9e എന്നിവയും വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തി. ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കുകളിൽ 4,461 യൂണിറ്റുകൾ വിറ്റ് ടാറ്റ ഒന്നാം സ്ഥാനത്തു തന്നെയുണ്ടെങ്കിലും 36% മാത്രമാണ് വിപണി വിഹിതം. അതേസമയം, എംജി 3,488 യൂണിറ്റുകളുമായി (28% വിപണി വിഹിതം) തൊട്ടുപിന്നിലുണ്ട്. BE 6e, XEV 9e എന്നിവയുടെ ഡെലിവറി 2025 മാർച്ചിൽ ആരംഭിച്ചതോടെ മഹിന്ദ്ര 3,002 യൂണിറ്റുകൾ വിറ്റ് (24% വിപണി വിഹിതം) 348% വളർച്ച കൈവരിച്ചു. ഹ്യുണ്ടായ്, ക്രെറ്റ ഇലക്ട്രിക് അവതരിപ്പിച്ചതിനു ശേഷം, 2025 ജനുവരിയിൽ 11% വിപണി വിഹിതം സ്വന്തമാക്കി.
കളിമാറ്റിയത് വിൻഡ്സർ
2024 ഒക്ടോബറിൽ ലോഞ്ച് ചെയ്ത എംജി വിൻഡ്‌സർ ഇ.വി, ബാറ്ററി-ആസ്-എ-സർവീസ് (BaaS) മോഡലിലൂടെ ഉപഭോക്താക്കളെ കയ്യിലെടുക്കുന്നതാണ് കണ്ടത്. 2024 ഒക്ടോബർ-ഡിസംബർ കാലയളവിൽ 9,682 യൂണിറ്റുകൾ വിറ്റ വിൻഡ്‌സർ, 2025-ന്റെ ആദ്യ മാസങ്ങളിൽ തുടർച്ചയായി ടോപ് സെല്ലിങ് കാർ ആയി മുന്നേറി. 2025 ഏപ്രിലിൽ എംജിയുടെ മൊത്തം വിൽപ്പന 3,488 യൂണിറ്റുകളായിരുന്നു; അതിൽ ഭൂരിഭാഗവും വിൻഡ്‌സർ ആയിരുന്നു.
2024-ൽ ഏകദേശം 22,000 യൂണിറ്റുകൾ വിറ്റ് വിപണിയിൽ മുന്നിൽ നിന്ന ടാറ്റയുടെ നെക്സോണിന് ഈ വർഷം ആ മുന്നേറ്റം നിലനിർത്താൻ കഴിഞ്ഞില്ല. നിലവിലെ ട്രെൻഡ് അനുസരിച്ചാണെങ്കിൽ 2025 അവസാനമാകുമ്പോഴേക്ക് നെക്സോണിന്റെ വിൽപ്പന 10,000-12,000 യൂണിറ്റുകൾക്കിടയിൽ നിൽക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പ്രവചിക്കുന്നത്. പഞ്ച് ഇ.വി 2024-ൽ 15,000-18,000 യൂണിറ്റുകൾ വിറ്റെങ്കിലും, 2025-ലെ വിൽപ്പന 5,000-6,000 യൂണിറ്റുകളിലേക്ക് കുറയും. 2023-ൽ 19,000-ലധികം യൂണിറ്റുകളും 2024-ൽ 22,724 യൂണിറ്റുകളും വിറ്റ തിയാഗോ ഇവിക്കും ഈ വർഷം ക്ഷീണമാണ്. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് 3,800-5,600 യൂണിറ്റുകളായി വിൽപ്പന ഒതുങ്ങും. വിശാലമായ ഇ.വി പോർട്ട്‌ഫോളിയോ (നെക്‌സോൺ, പഞ്ച്, തിയാഗോ, ടിഗോർ, കർവ്) ഉണ്ടായിട്ടും, ആവശ്യം കുറയുന്നത് വെല്ലുവിളിയാണ്.
മഹിന്ദ്രയുടെ BE 6e (₹18.90 ലക്ഷം മുതൽ), XEV 9e (₹21.90 ലക്ഷം മുതൽ) എന്നിവ INGLO പ്ലാറ്റ്‌ഫോമിൽ 79 kWh, 59 kWh ബാറ്ററി ഓപ്ഷനുകളോടെ എത്തി, യഥാക്രമം 682 കി.മീ, 656 കി.മീ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 2025 ജനുവരി-മാർച്ചിൽ 8,047 യൂണിറ്റുകൾ ഡീലർമാർക്ക് അയച്ചു, മഹിന്ദ്രയുടെ മൊത്തം എസ്‌യുവി വിൽപ്പനയുടെ 5% വിഹിതം നേടി. XUV400, 2024-ൽ 7,104 യൂണിറ്റുകൾ വിറ്റെങ്കിലും, 2025-ൽ BE മോഡലുകൾ പ്രധാന ആകർഷണമായി. 2025-ന്റെ ബാക്കി മാസങ്ങളിൽ മഹിന്ദ്ര, എംജി, ഹ്യുണ്ടായ് എന്നിവ ടാറ്റയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്.