ജിദ്ദ: സർക്കാർ സ്‌കൂളുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, വിദ്യാഭ്യാസ ഓഫീസുകൾ എന്നിവയുടെ എല്ലാ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും അടച്ചുപൂട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അറിയിപ്പുകളും മറ്റും പ്രസിദ്ധീകരിക്കുന്നത് അതത് പ്രവിശ്യകളിലെ വിദ്യാഭ്യാസ വകുപ്പുകളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിർദേശങ്ങൾക്ക് അനുസൃതമായി സ്‌കൂളുകളുടെയും വിദ്യാഭ്യാസ ഓഫീസുകളുടെയും എല്ലാ ഔദ്യോഗിക അക്കൗണ്ടുകളും അവസാനിപ്പിക്കണമെന്ന് മന്ത്രാലയം കർശന നിർദേശം നൽകി.
പകരം ആഭ്യന്തര ആശയവിനിമയ ചാനലുകൾ ഉപയോഗിക്കാവുന്നതാണ്. അധ്യാപകരുടെ സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടൽ ഉത്തരവിൽ ഉൾപ്പെടുന്നില്ല. അക്കൗണ്ട് ഇല്ലാതാക്കിയ ശേഷം, തിരയൽ (സെർച്ച്) ഫലങ്ങളിൽ നിന്ന് അതിലെ ഡാറ്റ പൂർണമായും നീക്കം ചെയ്യാൻ കുറച്ച് സമയമെടുത്തേക്കാമെന്നും ഡാറ്റ നീക്കം ചെയ്യാൻ അവശ്യപ്പെട്ടുള്ള അപേക്ഷ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് സമർപ്പിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കാമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.