ദുബായ് – അറബി കാലിഗ്രാഫിയിലും കലയിലും നൽകിയ അസാധാരണ സംഭാവനകളെ മാനിച്ച് പ്രശസ്ത കാലിഗ്രാഫിറ്റി ആർട്ടിസ്റ്റ് അബ്ദുൾ കരീം എന്ന കരീംഗ്രാഫിക്ക് ദുബായ് കൾച്ചർ ആന്റ് ആർട്സ് അതോറിറ്റിയുടെ ദുബായ് ഗോൾഡൻ വിസ ലഭിച്ചു. പരമ്പരാഗത അറബി കാലിഗ്രാഫിയുടെയും ആധുനിക ഗ്രാഫിറ്റി ടെക്നിക്കുകളുടെയും നൂതന സംയോജനത്തിലൂടെ കലാ ലോകത്ത് വിപ്ലവം സൃഷ്ടിച്ച കലാകാരനാണ് കരീംഗ്രാഫി.
ദുബായ് സംസ്കാരത്തിൽ നിന്നും ദുബായ് സർക്കാരിൽ നിന്നുമുള്ള ഈ അംഗീകാരം വളരെ വിനയാന്വിതനായി സ്വീകരിക്കുന്നതായി കരീംഗ്രാഫി പറഞ്ഞു. “എന്റെ കലാ യാത്രയ്ക്ക് ദുബായ് ഒരു ക്യാൻവാസാണെന്നും പാരമ്പര്യത്തെ ആദരിക്കുന്നതിനിടയിൽ നവീകരണത്തെ സ്വീകരിക്കുന്ന സ്ഥലമാണെന്നും വ്യക്തമാക്കിയ കരീംഗ്രാഫി, ഗോൾഡൻ വിസ ഒരു വ്യക്തിഗത നേട്ടത്തെ മാത്രമല്ല, എന്റെ ജീവിതം സമർപ്പിച്ച കലാരൂപത്തിന്റെ ആഘോഷത്തെ പ്രതിനിധീകരിക്കുന്നുവെന്നും പറഞ്ഞു.
2024 ലെ ദുബായ് വേൾഡ് കപ്പിൽ എമിറേറ്റ്‌സുമായും എസി മിലാനുമായും സഹകരിച്ച് നടത്തിയ ഇൻസ്റ്റലേഷൻ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. 2022 ലെ ഫിഫ വേൾഡ് കപ്പ് ഖത്തർ സ്റ്റേഡിയങ്ങളുടെ ഔദ്യോഗിക ഗ്രാഫിറ്റി ആർട്ടിസ്റ്റായി സേവനമനുഷ്ഠിച്ചതും എ.എഫ്.സി ഏഷ്യൻ കപ്പ് സ്റ്റേഡിയങ്ങളിലുടനീളം ഊർജ്ജസ്വലമായ കാലിഗ്രാഫി സൃഷ്ടിച്ചതും കരീംഗ്രാഫിയുടെ കലാപരമായ മുദ്ര യുഎഇക്ക് അപ്പുറത്തേക്ക് വ്യാപിച്ചു. 2025 ഫെബ്രുവരിയിൽ, ദുബായിലെ എമിറേറ്റ്‌സ് ടവറിൽ റോൾസ് റോയ്‌സിൽ തത്സമയ കാലിഗ്രാഫി പ്രകടനം നടത്തിയത് പ്രേക്ഷകരെ അമ്പരപ്പിച്ചു. മലപ്പുറം ജില്ലയിലെ കക്കോവ് സ്വദേശിയാണ് കരീംഗ്രാഫി.