ജിദ്ദ – സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് പത്തു വര്‍ഷത്തേക്ക് ഗണ്യമായ തോതിൽ നികുതി ഇളവ് നല്‍കുന്നതിനെ കുറിച്ച് ഇന്ത്യ ആലോചിക്കുന്നു. ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ, ഊര്‍ജ മേഖലകളില്‍ പതിനായിരം കോടി ഡോളറിന്റെ പി.ഐ.എഫ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണിത്. ലോകമെമ്പാടും നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയും എണ്ണയിതര മേഖലകളില്‍ നിക്ഷേപങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യുകയാണ് സൗദി. ഈ സാഹചര്യത്തില്‍, ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള പദ്ധതികളെ കുറിച്ച് അടുത്തിടെ നടത്തിയ സൗദി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പി.ഐ.എഫ് നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് നല്‍കുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നത്.
ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് സുഗമമാക്കുന്നതിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 10 (23 എഫ്.ഇ), (80 ഐ.എ) എന്നിവ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ സൗദി നിക്ഷേപങ്ങള്‍ക്ക് ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പലിശ, ലാഭവിഹിതം, ദീര്‍ഘകാല ലാഭ നേട്ടങ്ങള്‍ എന്നിവക്കുള്ള നികുതിയില്‍ നിന്ന് സോവറീന്‍ വെല്‍ത്ത് ഫണ്ടുകളെയും ഗ്ലോബല്‍ പെന്‍ഷന്‍ ഫണ്ടുകളെയും സെക്ഷന്‍ 10 (23 എഫ്.ഇ) ഒഴിവാക്കുന്നു.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് പത്തു വര്‍ഷം വരെ നികുതി ഇളവ്, ഡിവിഡന്റുകള്‍, പലിശ, അടിസ്ഥാന ആസ്തികളിലെ നിക്ഷേപങ്ങളില്‍ ദീര്‍ഘകാല മൂലധന നേട്ടം എന്നിവയില്‍ നികുതി ഇളവുകള്‍ ക്ലെയിം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കല്‍ എന്നിവ പരിഗണനയിലുള്ള നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സോവറീന്‍ വെല്‍ത്ത് ഫണ്ടുകളില്‍ ഒന്നായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് 925 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു. ദീര്‍ഘകാല മൂലധനത്തിന്റെ പ്രധാന സ്രോതസ്സാണെങ്കിലും ഇന്ത്യയിലെ പി.ഐ.എഫ് നിക്ഷേപം നിലവില്‍ ചുരുക്കം ചില പദ്ധതികളില്‍ പരിമിതപ്പെട്ടിരിക്കുന്നു. ജിയോ പ്ലാറ്റ്ഫോംസില്‍ 150 കോടി ഡോളറും റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡില്‍ 130 കോടി ഡോളറും ഇന്ത്യയിലെ പി.ഐ.എഫ് നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുന്നു. റിഫൈനറികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ അടിസ്ഥാന സൗകര്യ ആസ്തികളിലെ നിക്ഷേപങ്ങള്‍ക്ക് സൗദി അറേബ്യ നികുതി ഇളവ് ആഗ്രഹിക്കുന്നു. കൂടുതല്‍ വിശാലമായ ഇളവുകള്‍ പി.ഐ.എഫിന് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നിക്ഷേപ പ്രവാഹം വര്‍ധിപ്പിക്കാനായി 2024 ല്‍ ഒരു ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ഊര്‍ജം, പെട്രോകെമിക്കല്‍സ്, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, നിര്‍മാണം, ആരോഗ്യം എന്നിവയുള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ സൗദി അറേബ്യ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സെക്ഷന്‍ 10 (23 എഫ്.ഇ) പ്രകാരമുള്ള നികുതി ഇളവുകള്‍ക്ക് പുറമേ, സൗദി നിക്ഷേപകര്‍ക്ക് ആര്‍ട്ടിക്കിള്‍ 80 ഐ.എ പ്രകാരമുള്ള നികുതി ഇളവുകളും ലഭിക്കും. നിക്ഷേപങ്ങളുടെ ഇനത്തെയും അവ എങ്ങിനെ നടപ്പിലാക്കുന്നു എന്നതിനെയും അടിസ്ഥാനമാക്കിയായിരിക്കും നികുതി ഇളവുകള്‍ നിശ്ചയിക്കുകയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 80 ഐ.എ പ്രകാരം ലാഭത്തിന്മേലുള്ള നികുതി ഇളവുകളുടെ കാലാവധി പത്ത് വര്‍ഷം വരെയായിരിക്കാം.
ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊ ഇന്ത്യന്‍ ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും ഇന്ത്യയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരങ്ങളില്‍ പദ്ധതിയിടുന്ന രണ്ടു പുതിയ മെഗാ റിഫൈനറികളില്‍ 20 ശതമാനം വീതം ഓഹരികള്‍ ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ടു പദ്ധതികളിലുമായി സൗദി അറാംകൊ ഏകദേശം 280 കോടി ഡോളര്‍ നിക്ഷേപിച്ചേക്കും. എന്നാല്‍ സൗദി അറാംകൊ ഒരു സോവറീന്‍ വെല്‍ത്ത് ഫണ്ട് അല്ലാത്തതിനാല്‍ പദ്ധതികളിലെ നേരിട്ടുള്ള നിക്ഷേപത്തിന് സെക്ഷന്‍ 10 (23 എഫ്.ഇ) പ്രകാരം നികുതി ഇളവുകള്‍ നേടാന്‍ കഴിയില്ല. സൗദി, ഇന്ത്യ സംയുക്ത ഉന്നതതല ടാസ്‌ക് ഫോഴ്സ് അടുത്തിടെ ഒന്നിലധികം മേഖലകളില്‍ ധാരണകളിലെത്തിയിട്ടുണ്ട്. ഇത് നിക്ഷേപ പ്രവാഹങ്ങള്‍ വേഗത്തില്‍ വര്‍ധിപ്പിക്കും. ഭാവിയിലെ സഹകരണം വര്‍ധിപ്പിക്കാനുള്ള പ്രധാന നേട്ടമാണ് നികുതിയിളവ് സംബന്ധിച്ച ടാസ്‌ക് ഫോഴ്സിന്റെ പുരോഗതി.