ജിദ്ദ- കേരളത്തിന്റെ സാമൂഹികമായ പുരോഗതിക്കുംവിദ്യാഭ്യാസ വിപ്ലവത്തിനും തന്റെ ജീവിതം സമർപ്പിച്ച മഹദ് വ്യക്തിത്വമായിരുന്നു റാബിയ എന്നും അവരുടെ വിയോഗം വലിയ നഷ്ടമാണെന്നും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 2022 ൽ പത്മശ്രീ ലഭിച്ച റാബിയയെ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചിരുന്നു.
തിരൂരങ്ങാടി സ്വദേശിയായ റാബിയ, സാമൂഹിക പ്രവർത്തക എന്നതിനൊപ്പം, നിരക്ഷരതയ്ക്കെതിരായ പോരാളിയുമായിരുന്നു. ഭിന്നശേഷിക്കും ദാരിദ്ര്യത്തിനും ഇടയിലും വിദ്യാഭ്യാസത്തിന്‍റെ വെളിച്ചം സമൂഹത്തിലേക്ക് എത്തിക്കാൻ അവർ നടത്തിയ ശ്രമം കേരളം മുഴുവൻ ശ്രദ്ധിച്ചു. പോളിയോ ബാധിച്ച് 17-ാം വയസ്സിൽ വീൽചെയറിൽ കഴിഞ്ഞ അവർ, തിരൂരങ്ങാടിയിൽ മുതിർന്നവർക്കുള്ള സാക്ഷരതാ കാമ്പയിൻ ആരംഭിച്ചു. ആ ശ്രമം വെറും എഴുത്ത് പഠിപ്പിക്കലിനേക്കാൾ വലിയൊരു സാമൂഹിക മുന്നേറ്റമായി മാറി.
റാബിയയുടെ സാക്ഷരതാ ക്ളാസുകൾ സംസ്ഥാന തലത്തിൽ ശ്രദ്ധ നേടി. സ്വയം ശാരീരിക വൈകല്യങ്ങൾ മനസിലാക്കി സമൂഹത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി “ചലനം” എന്ന സന്നദ്ധസംഘടന രൂപീകരിച്ച് ആറ് സ്കൂളുകൾ സ്ഥാപിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും വനിതാ ശാക്തീകരണത്തിലും അവർ വലിയ പങ്കുവഹിച്ചു. “അക്ഷയ” ഇ-സാക്ഷരതാ പദ്ധതിയിലൂടെ മലപ്പുറം ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ ഇ-സാക്ഷരതാ ജില്ലയായി ഉയർത്തിയതിലും അവരുടെ പങ്ക് വലിയതാണെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.