- വി.എസിന്റേതും പി.ജെയുടേതും വ്യക്തിപൂജ: പിണറായിയെയും പാർട്ടിയെയും ആര് തിരുത്തുമെന്ന് ചോദ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള ‘പിണറായി ദ ലെജൻഡ്’ ഡോക്യുമെന്ററിയിൽ വിശദീകരണവുമായി സി.പി.എം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ രംഗത്ത്. വ്യക്തിപൂജയല്ല ഡോക്യുമെന്ററിയിലുള്ളതെന്നും സർക്കാരിന്റെ ഭരണ നേട്ടമാണ് ചിത്രീകരിക്കുന്നതെന്നുമാണ് സംഘടനയുടെ വിശദീകരണം.
ഡോക്യുമെന്ററി നിർമിക്കാനുള്ള തീരുമാനം സംഘടന ഒറ്റക്കെട്ടായി എടുത്തതാണെന്നും സംഘടനയുടെ ഫണ്ടിൽ നിന്നാണ് പണം നൽകുന്നതെന്നും വിവാദങ്ങൾക്കു പിന്നാലെ നേതൃത്വം അറിയിച്ചു.
അസോസിയേഷൻ സുവർണജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പിണറായി എത്തുമ്പോൾ കേൾപ്പിക്കാൻ തയ്യാറാക്കിയ വാഴ്ത്ത് പാട്ട് നേരത്തെ വിവാദമായിരുന്നു. കാരണഭൂതനും കാവലാളുമായി പാടിപ്പുകഴ്ത്തിയതിന് പിന്നാലെയാണ് പിണറായിയെ ഇതിഹാസമായി വാഴ്ത്തി 15 ലക്ഷം രൂപ ചെലവഴിച്ചുള്ള പുതിയ ഡോക്യുമെന്ററി പുറത്തിറങ്ങാനിരിക്കുന്നത്.
പിണറായിയുടെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉൾക്കൊള്ളുന്നതാണ് ഇതിലെ പ്രമേയം. മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള സമ്മാനമായാണ് അസോസിയേഷൻ ഡോക്യുമെന്ററി ഒരുക്കുന്നത്.
വി.എസ് അച്യൂതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും മറ്റും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.എസ് ഫ്‌ളക്‌സുകൾ ഉയർന്നപ്പോൾ അത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് പിണറായി വിജയൻ വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി പ്രവർത്തകർ വി.എസ് ബാനറുകൾ ഉയർത്തിയപ്പോഴും അതിനെതിരേ തിരിഞ്ഞവരും പാർട്ടിയുമൊന്നും പിണറായി സ്തുതിഗീതങ്ങൾ കാണുന്നില്ലേയെന്ന് സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങളുണ്ട്.
സി.പി.എം നേതാവായ പി ജയരാജന് കണ്ണൂരിൽ ഉയർന്ന താരപരിവേശവും പിണറായി ഭക്തരെ അലോസരപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് വാഴ്ത്തുപാട്ട് വ്യക്തിപൂജയാണെന്ന് പറഞ്ഞ് പി ജയരാജനെതിരേ അത് സംഘടനാ ആയുധമാക്കാൻ ശ്രമിച്ച കേന്ദ്രങ്ങളാണിപ്പോൾ പിണറായി താരാരാധനയുമായി എത്തുന്നത്. എന്നാൽ, പിണറായിയുടേത് വ്യക്തിപൂജയല്ല, സർക്കാറിന്റെ ഭരണനേട്ടമാണെന്നാണ് ഇവരുടെ ന്യായീകരണം.
അപ്പോഴും സി.പി.എമ്മിലെ എല്ലാവർക്കും മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ന്യായീകരണങ്ങളെ അപ്പടി വിഴുങ്ങാനാവുന്നില്ല എന്നതാണ് സത്യം. വി.എസ് സർക്കാറിന്റെ കാലത്ത് പിണറായി വിജയൻ പാർട്ടി വടി ഉപയോഗിച്ച് വി.എസ് സർക്കാറിനെ വരച്ച വരയിൽ നിർത്താൻ ശ്രമിച്ചെങ്കിൽ, ഇപ്പോൾ പിണറായി വിജയൻ വരച്ച വരയിലാണ് പാർട്ടിയും ഒട്ടുമിക്ക നേതാക്കളുമെന്നാണ് വിമർശം.
പിണറായിയെ തിരുത്തുന്നത് പോയിട്ട് മുഖത്ത്‌നോക്കി വിമർശിക്കാൻ പോലും ത്രാണിയില്ലാത്തവിധം നേതൃത്വം കീഴ്‌പ്പെട്ട് പോയെന്നും ഇത് പാർട്ടിക്ക് വൻ ബാധ്യതയാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാർട്ടി ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും പാർട്ടിക്കു മുകളിൽ ഇരുന്നിട്ടില്ലെന്നും ഇവർ പറയുന്നു. ഈയിടെ പാർട്ടി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തപ്പോൾ ദേശീയ ജനറൽസെക്രട്ടറി എം.എ ബേബിയെ കാഴ്ചക്കാരനാക്കി പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ മുഖ്യ കാർമികനായത് ഇതിന്റെ നമ്പർ വൺ പുതിയ സാമ്പിളാണെന്നും ഇവർ വ്യക്തമാക്കുന്നു. ഇതെല്ലാം പാർട്ടിക്കുണ്ടാക്കുന്ന പരുക്ക് സംസ്ഥാന നേതൃത്വം വൈകിയെങ്കിലും തിരിച്ചറിയുമോ എന്നും എതിർ ക്യാമ്പുകൾ ചോദിക്കുന്നു.