കുവൈത്ത് സിറ്റി: മറ്റു ഗൾഫ് വിമാനത്താവളങ്ങൾ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും കാര്യത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കുന്നത് തുടരുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സ്തംഭനാവസ്ഥ നേരിടുന്നു.
സാമ്പത്തിക നിലനിൽപ് കുറയുന്നതിനാൽ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികൾ കുവൈത്തിൽ പ്രവർത്തനം നിർത്തിവെക്കാൻ നിർബന്ധിതരാവുകയാണ്. ആറു പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനുശേഷം ബ്രിട്ടീഷ് എയർവേയ്‌സ് മാർച്ചിൽ കുവൈത്തിലേക്കുള്ള പ്രതിദിന വിമാന സർവീസുകൾ അവസാനിപ്പിച്ചു. സെപ്റ്റംബറിൽ ജർമനിയുടെ ലുഫ്താൻസയും നെതർലാന്റ്‌സിന്റെ കെ.എൽ.എമ്മും സമാനമായി സർവീസുകൾ നിർത്തി. മറ്റു പ്രധാന പ്രാദേശിക വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ നിലനിർത്തുകയോ വികസിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിലും 14 അന്താരാഷ്ട്ര വിമാന കമ്പനികൾ സമീപ കാലത്ത് കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തനം അവസാനിപ്പിച്ചു.
ഉയർന്ന ഇന്ധന വില, വൻകിട പ്രാദേശിക വിമാന കമ്പനികളിൽ നിന്നുള്ള മത്സരം രൂക്ഷമാകൽ, വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളിലും പാസഞ്ചർ സേവനങ്ങളിലും നിലനിൽക്കുന്ന പോരായ്മകൾ എന്നിവ അടക്കം വ്യത്യസ്ത ഘടകങ്ങൾ കുവൈത്തിന്റെ മത്സരശേഷിയെ തടസ്സപ്പെടുത്തുന്നതായി വ്യോമയാന വിശകലന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ വെല്ലുവിളികൾ വിമാനത്താവളത്തിന്റെ ആകർഷണം മൊത്തത്തിൽ കുറച്ചതായി നിരീക്ഷകർ പറയുന്നു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024-ൽ 1.54 കോടി യാത്രക്കാരാണ് കുവൈത്ത് എയർപോർട്ടിലൂടെ കടന്നുപോയത്. 2023-ൽ യാത്രക്കാർ 1.56 കോടിയായിരുന്നു. ഇതിനു വിപരീതമായി അയൽ വിമാനത്താവളങ്ങൾ ശക്തമായ വളർച്ച കൈവരിച്ചു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം 5.7 ശതമാനം തോതിൽ വർധിച്ച് 9.23 കോടിയായി. ദോഹ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണം 14.8 ശതമാനം വർധിച്ച് 5.27 കോടിയായി. റിയാദ് എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ 17.8 ശതമാനം വളർച്ച രേഖപ്പെടുത്തി. 2024-ൽ 3.76 കോടി യാത്രക്കാർ റിയാദ് എയർപോർട്ട് ഉപയോഗിച്ചു. അബുദാബി വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം 25.3 ശതമാനം തോതിൽ വർധിച്ച് 2.87 കോടിയായി.