ജീവിതത്തിലുടനീളം പൊരുതിയ സാക്ഷരതാ പ്രവർത്തക പത്മശ്രീ റാബിയ ജീവിതത്തിൽ നിന്ന് വിട വാങ്ങി.
റാബിയ എന്നാല്‍ വസന്തം. പേരറിയാ പൂക്കളുടെ പരിമളം സ്വന്തം ജീവിതത്തിലും ചുറ്റുമുള്ളവരിലെ പരത്തിയ ചാരിതാര്‍ഥ്യത്തോടെയാണ് തിരൂരങ്ങാടി വെള്ളിലക്കാട്ടെ കെ.വി റാബിയ ഈ ലോകത്തോട് യാത്ര പറഞ്ഞത്. അതിജീവനത്തിന്റെ പാതയില്‍ തന്റെ ചക്രക്കസേരയില്‍ അതിദൂരം സഞ്ചരിച്ചുകൊണ്ടേയിരുന്ന അവരുടെ കർമോൻമുഖ ജീവിതത്തിന് അമ്പത്തൊമ്പതാമത്തെ വയസ്സിൽ യവനിക വീണു. ഏതാണ്ട് ആറ് പതിറ്റാണ്ട് മുമ്പാരംഭിച്ച ജീവിതയാത്രയില്‍ വീല്‍ചെയറിനെ സന്തതസഹചാരിയാക്കേണ്ടി വന്നത് പതിനേഴാം വയസ്സിലാണ്. അന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥി. അജ്ഞാതവും അദൃശ്യവുമായ ശത്രുവായി ഇഴഞ്ഞെത്തിയ പോളിയോ, ഓടിച്ചാടി നടന്ന ആ കാലുകളെ തളര്‍ത്തി. പക്ഷേ മനസ്സ് തളര്‍ന്നില്ല. ജീവിതം അവളൊരു പോരാട്ടമാക്കി. നിരവധി മാനങ്ങളുള്ള ആ പോരാട്ടത്തിന് അംഗീകാരങ്ങളും നിരവധി കിട്ടി. അംഗീകാരങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല റാബിയയുടെ പ്രവർത്തനങ്ങളൊന്നും. ഏറ്റവുമൊടുവില്‍ 2022 ലെ പത്മശ്രീ പുരസ്‌കാരവും റാബിയയെത്തേടിയെത്തി.

2002 ലെ ഹജ്ജ്കാലത്ത് നിലാവെട്ടം പരന്നൊരു രാത്രിയില്‍ തീര്‍ഥാടകബാഹുല്യത്താല്‍ നിറഞ്ഞ്കവിഞ്ഞ പരിശുദ്ധമക്കയില്‍ പ്രാര്‍ഥന കഴിഞ്ഞ് ആള്‍ക്കൂട്ടത്തിലൂടെ, ചക്രക്കസേരയില്‍ വരുന്ന റാബിയയുടെ മുഖം എന്റെ ഓര്‍മയിലുണ്ട്. അവരുടെ ബന്ധുവും സഹായിയുമായ മലപ്പുറം മോങ്ങം സ്വദേശി ചെറിയാപ്പുവാണ് അത്തവണത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ സാക്ഷരതാ പ്രവര്‍ത്തകയായ കെ.വി റാബിയ എത്തിയ വിവരം എന്നെ അറിയിച്ചത്. ശാരീരിക പ്രയാസങ്ങൾ മറന്ന് ഭക്തിപ്രകര്‍ഷത്തില്‍ റാബിയ തീര്‍ഥാടനം നിര്‍വഹിക്കുന്നത്
വാര്‍ത്തയാക്കാന്‍ ചെന്നതായിരുന്നു ഞാന്‍. ചെറിയാപ്പുവിന്റെ മൂത്ത സഹോദരനാണ് ഹജ്ജ് വേളയില്‍ അവരെ സഹായിക്കാനായി നാട്ടില്‍ നിന്ന് ഒപ്പം വന്നിരുന്നത്. മക്കയിലെ മസ്ജിദിനു അധികം അകലെയല്ലാതെ, ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുടെ പാര്‍പ്പിടത്തില്‍ അത്താഴത്തിനു ശേഷം റാബിയ, ആത്മീയസാഫല്യത്തിന്റെ നിറവില്‍, പൊരുതിമുന്നേറുന്ന തന്റെ ജീവിതത്തിന്റെ ചില അധ്യായങ്ങള്‍ അയവിറക്കി. അംഗപരിമിതിയെ അളവറ്റ ദൃഢനിശ്ചയത്താല്‍ മറികടന്ന, ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കേണ്ട സാഹസികതയുടെ ഏടാണ് റാബിയയുടെ ജീവിതമെന്ന് അന്ന് നേരില്‍ അറിയാനായി.
മലപ്പുറം ജില്ലയിലെ അവികസിത ഗ്രാമങ്ങളിലൊന്നായ വെള്ളിലക്കാട്ടെ ജനങ്ങള്‍ക്കിടയില്‍ അക്ഷരവെളിച്ചം കൊളുത്തിയ കര്‍മോല്‍സുകയായ വനിതയാണ് റാബിയ. അവർ നീന്തിക്കയറിയ ചുഴികളും മലരികളും ഏറെയാണ്. ഹജ്ജിന്റെ നിര്‍വൃതിയത്രയും മനസ്സിലേക്ക് ആവാഹിച്ച് മടങ്ങിയ ശേഷം കൂടെക്കൂടെ ഫോണ്‍വഴി റാബിയ ബന്ധപ്പെടാറുണ്ടായിരുന്നു. പ്രതിസന്ധികളിലകപ്പെട്ട
പ്രവാസികളെ സഹായിക്കുന്നതിനായുള്ള ആവശ്യമായിരുന്നു പല സന്ദേശങ്ങളിലും. സൗദിയിലെ തൈമ എന്ന വിദൂരദിക്കിലെ മണലാരണ്യത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ഒരു വീട്ടുവേലക്കാരന്റെ മൃതദേഹം നാട്ടിലയക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു റാബിയയുടെ സന്ദേശം എന്നെത്തേടിയെത്തിയത്. ഇക്കാര്യത്തില്‍ റിയാദ് ഇന്ത്യന്‍ എംബസിയുടെ സഹായം തേടാനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും സാധിച്ചുവെന്ന സംതൃപ്തിയോടെയാണ് റാബിയ, ആ പ്രവാസി യുവാവിന്റെ വീട്ടുകാരെ സന്ദര്‍ശിച്ചത്. ഒരിക്കലും തന്റെ കാര്യത്തിനായി ഒന്നും പറയുകയോ ഇടപെടല്‍ ആവശ്യപ്പെടുകയോ ചെയ്യാത്ത, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച, എല്ലാ അര്‍ഥത്തിലും നിസ്വാര്‍ഥ സേവനത്തിന്റെ നിറദീപമായാണ് ഈ സാമൂഹിക പ്രവര്‍ത്തകയുടെ അതിജീവനകഥകള്‍ തെളിഞ്ഞ് പ്രകാശിക്കുന്നത്.
തിരൂരങ്ങാടി കോളേജില്‍ നിന്ന് ബിരുദമെടുത്ത ശേഷം തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ക്കിടയില്‍ സാക്ഷരതാപ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങുകയായിരുന്നു, റാബിയ. വയോജനവിദ്യാഭ്യാസത്തിന്റെ വഴിവിളക്കുകള്‍ ആ കുഗ്രാമത്തില്‍ നിന്ന് അയല്‍ഗ്രാമങ്ങളിലേക്കും വെട്ടം വീശി. 1990 ലാണ് വയോജന പഠനകേന്ദ്രമാരംഭിച്ചത്. രണ്ടു വര്‍ഷത്തെ ഈ രംഗത്തെ സ്തുത്യര്‍ഹമായ ഏകാന്തസേവനം ഭരണതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. മലപ്പുറം ജില്ലാ ഭരണസാരഥികളും കാന്‍ഫെഡ് പോലെയുള്ള ഗ്രന്ഥശാലാ പ്രവര്‍ത്തകരും റാബിയയെ ശ്രദ്ധിച്ചുതുടങ്ങി. എട്ടു വയസ്സുകാരി മുതല്‍ എണ്‍പതുകാരി വരെ റാബിയയുടെ ശിഷ്യഗണത്തിലുള്‍പ്പെട്ടു. എഴുത്തിന്റേയും വായനയുടേയും ഉല്‍സവത്തിന് വെള്ളിലക്കാട് വേദിയായി. 1994 ല്‍ ദേശീയ യുവജനപുരസ്‌കാരം റാബിയയെത്തേടിയെത്തി. തിരൂരങ്ങാടിയുടെ അതിര് കടന്ന് റാബിയ, മലപ്പുറം ജില്ലയുടേയും സംസ്ഥാനത്തിന്റേയും നിരക്ഷരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ മുന്‍നിരക്കാരിയായി. ചക്രക്കസേരയിലിരുന്നായിരു്ന്നു ഈ അക്ഷരവിപ്ലവം.

വെള്ളിലക്കാടിന്റെ പേരും പുറംലോകം ശ്രദ്ധിച്ചുതുടങ്ങി. മലപ്പുറം ജില്ലാ കലക്ടര്‍ ഇടപെട്ട് വെള്ളിലക്കാടിലേക്ക് വൈദ്യുതിയെത്തിച്ചു. നല്ല റോഡുണ്ടാക്കി. ഒന്നര കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡിന് അക്ഷര എന്ന് നാമകരണം ചെയ്തു. വികലാംഗരായ ആളുകള്‍ക്കായി ചലനം എന്ന സന്നദ്ധസംഘടനയും സ്ഥാപിച്ചു. അരഡസന്‍ സ്‌കൂളുകളും ആരോഗ്യ ബോധവല്‍ക്കരണപദ്ധതികളും ആരംഭിച്ചതും ഇക്കാലത്താണ്. അക്ഷയ പദ്ധതിയിലൂടെ മലപ്പുറം ജില്ലയെ ഐ.ടി ഭൂപടത്തില്‍ മു്ന്‍നിരയിലെത്തിച്ചതില്‍ റാബിയയ്ക്കും സ്തുത്യര്‍ഹമായ പങ്കുണ്ട്.
നിരക്ഷരതയ്‌ക്കെതിരായ പോരാട്ടത്തിനിടെയാണ് അര്‍ബുദത്തിന്റെ ഞണ്ടിന്‍കാലുകള്‍, റാബിയയുടെ മേല്‍ പിടിമുറുക്കിയത്. അതൊരു കനത്ത ആഘാതമായിരുന്നു. പക്ഷേ റാബിയ, മനസ്സിനെ പിടിച്ചുനിര്‍ത്തി. തളരാത്ത കര്‍മശേഷിയോടെ കാന്‍സറിനോട് പൊരുതി. അംഗവൈകല്യത്തിന്റെ പരിമിതികള്‍ക്കിടെ, അശനിപാതം പോലെ സംഭവിച്ച അര്‍ബുദം നട്ടെല്ലിനെയാണ് ആക്രമിച്ചത്. അതിന്റെ പാര്‍ശ്വഫലമായി കഴുത്ത് ഭാഗികമായി തളര്‍ന്നു. വല്ലാത്ത പ്രതിസന്ധിയായിരുന്നു തുടര്‍ന്നുള്ള നാളുകളില്‍ അവര്‍ അഭിമുഖീകരിച്ചത്. ജീവിതപ്രയാസങ്ങള്‍ക്കിടെ, എഴുത്തിലേക്ക് തിരിഞ്ഞ റാബിയ, മൗനനൊമ്പരങ്ങള്‍ എന്ന പുസ്‌തകമെഴുതി. ‘ സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട് ‘ എന്ന ആത്മകഥാപരമായ എന്ന രണ്ടാമത്തെ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വന്തം ക്ലേശങ്ങളുടെ കണ്ണീര്‍ക്കഥകള്‍ക്കിടയിലും പ്രതീക്ഷയുടെ പ്രകാശത്തുരുത്ത് പോലെയുള്ള ജീവിതമെഴുത്ത്. ചിറക് മുളച്ച് റാബിയയുടെ കിനാവുകള്‍. വി.എസ്. അച്യുതാനന്ദനും സുകുമാര്‍ അഴീക്കോടും ചേർന്നായിരുന്നു ‘സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട്’ പ്രകാശനം ചെയ്തത്.
കേന്ദ്ര ഗവണ്‍മെന്റിന്റെ കണ്ണകി സ്ത്രീശക്തി അവാര്‍ഡ്, നെഹ്‌റു യുവക് കേന്ദ്ര അവാര്‍ഡ്, ബജാജ് ട്രസ്റ്റ് പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ റാബിയയെത്തേടിയെത്തി.
നന്നായി ഖുര്‍ആന്‍ പാരായണം ചെയ്യുകയും സാക്ഷരതാക്ലാസുകളില്‍ തിരുവചനങ്ങളുടെ പൊരുള്‍ പഠിപ്പിക്കുകയും ചെയ്യാറുള്ള റാബിയ പറയുന്നു: അല്ലാഹുവിന്റെ വചനങ്ങളാണ് എന്റെ ഊര്‍ജം. ഒരു കാല്‍ തളര്‍ന്നാല്‍ പിന്‍മാറാതെ മറ്റേ കാല്‍കൊണ്ട് നടക്കുക. ഇരുകാലുകളും തളര്‍ന്നാല്‍ കൈകളുണ്ടല്ലോ. കൈകളും ആരെങ്കിലും വെട്ടിമാറ്റിയാല്‍ ബാക്കിയുള്ളത് ബുദ്ധിയാണ്. ആ ബുദ്ധിയുപയോഗിച്ച് ജീവിക്കുക, പൊരുതുക. നമ്മുടെ കാലത്തിന്റെ കണക്ക് തീരും വരെ അതിജീവന പോരാട്ടത്തിലേര്‍പ്പെടുക. വിജയം ഉറപ്പ്. അന്നേരം ചിറകുകള്‍ വിടര്‍ത്തി സ്വപ്‌നങ്ങള്‍ പറന്നുയരും.