വാഷിങ്ടൺ – യു.എസ് ദേശീയ സുരക്ഷാ ഉപദേശക സ്ഥാനത്തു നിന്ന് മൈക്ക് വാൾട്ട്‌സിനെ നീക്കിയത് ഇസ്രായിലുമായുള്ള അമിത ബന്ധം കാരണമെന്ന് റിപ്പോർട്ട്. അമേരിക്കക്കും ഇറാനുമിടയിൽ യുദ്ധമുണ്ടാകുന്നതിനും ഇറാന്റെ ആണവ പദ്ധതികൾ തകർക്കുന്നതിനുമായി മൈക്ക് വാൾട്ട്‌സ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചേർന്ന് പ്രവർത്തിച്ചുവെന്നും ഇത് യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ചൊടിപ്പിച്ചുവെന്നും യു.എസ് ഗവൺമെന്റിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. ഇറാനുമായുള്ള പ്രശ്‌നങ്ങൾ നയതന്ത്ര തലത്തിൽ പരിഹരിക്കാനുള്ള ട്രംപിന്റെ താൽപര്യത്തിന് ഇസ്രായിലുമായി ചേർന്ന് തുരങ്കംവെക്കാൻ വാൾട്ട്‌സ് ശ്രമിച്ചുവെന്നും ഇത് പ്രസിഡണ്ടിനെ ചൊടിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
യമനിൽ വ്യോമാക്രമണം നടത്താനുള്ള യു.എസ് പദ്ധതി ചർച്ച ചെയ്യുന്ന സിഗ്നൽ ഗ്രൂപ്പ് ചാറ്റിലേക്ക് ‘ദി അറ്റ്‌ലാന്റിക്’ എഡിറ്ററെ മൈക്ക് വാൾട്ട്‌സ് അബദ്ധത്തിൽ ആഡ് ചെയ്തത് വിവാദമായിരുന്നു. എന്നാൽ, ഇതല്ല വാൾട്ട്‌സിന്റെ സ്ഥാനചലനത്തിന് കാരണമെന്നാണ് വാഷിങ്ടൺ പോസ്റ്റ് പറയുന്നത്. ഭരണത്തിന്റെ ആദ്യനാളുകൾ മുതൽക്കു തന്നെ നെതന്യാഹുവുമായുള്ള വാൾട്ട്‌സിന്റെ അടുപ്പത്തിൽ ട്രംപ് അസ്വസ്ഥനായിരുന്നു. ഫെബ്രുവരിയിൽ നെതന്യാഹുവും ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഇറാനെതിരെ ആക്രമണം നടത്തണമെന്ന ആവശ്യത്തെ വാൾട്ട്‌സ് പിന്തുണച്ചത് പ്രസിഡണ്ടിനെ പ്രകോപിപ്പിച്ചുവെന്നും, ഇറാനെതിരെ നയതന്ത്ര പരിഹാരത്തിനാണ് ട്രംപിന്റെ മുൻഗണനയെന്നും റിപ്പോർട്ട് പറയുന്നു.
നേരത്തെ, ഇറാന്റെ ആണവ നിലയങ്ങളെ ആക്രമിക്കാനുള്ള ഇസ്രായിൽ പദ്ധതി ഡൊണാൾഡ് ട്രംപ് നിർവീര്യമാക്കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ സൈന്യത്തിന്റെ കൂടി പിന്തുണ ആവശ്യമായി വരുന്ന ആക്രമണത്തിന് ട്രംപ് അനുമതി നൽകിയില്ലെന്നും, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് ഈ നിലപാടിനെ പിന്തുണച്ചുവെന്നും ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് നീക്കിയ മൈക്ക് വാൾട്ട്‌സിനെ ഐക്യരാഷ്ട്ര സഭയിലേക്കുള്ള അംബാസഡറാക്കാനാണ് ട്രംപിന്റെ തീരുമാനം.