വാഷിംഗ്ടണ്‍ – ഫലസ്തീന്‍ ബാലനെ അതിക്രൂരമായി കൊലപ്പെടുത്തുകയും ഉമ്മയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അമേരിക്കന്‍ വൃദ്ധന്‍ ജോസഫ് ചുബയെ (73) ഇല്ലിനോയിസിലെ വില്‍ കൗണ്ടി കോടതി 53 വര്‍ഷം തടവിന് ശിക്ഷിച്ചു. വെറുപ്പും വംശീയതയുമാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. ആറു വയസുകാരനായ ഫലസ്തീന്‍-അമേരിക്കന്‍ ബാലന്‍ വദീഅ അല്‍ഫയൂമിയെ കൊലപ്പെടുത്തിയതിലും ഉമ്മ ഹനാന്‍ ശാഹീനെ കൊല്ലാന്‍ ശ്രമിച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
ഗാസയില്‍ ഇസ്രായില്‍ യുദ്ധം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞ് 2023 ഒക്‌ടോബര്‍ 14 ന് ചിക്കാഗോക്ക് സമീപമാണ് കുറ്റകൃത്യം നടന്നത്. ഫലസ്തീന്‍ കുടുംബത്തിന്റെ വീടിനുള്ളില്‍ വെച്ച് കുറ്റവാളി സൈനിക കത്തി ഉപയോഗിച്ച് ബാലനെ 26 തവണ കുത്തി. ഗുരുതരമായി പരിക്കേറ്റ ബാലന്‍ വൈകാതെ ആശുപത്രിയില്‍ വെച്ച് അന്ത്യശ്വാസം വലിച്ചു. പരിക്കേറ്റ ബാലന്റെ ഉമ്മയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവര്‍ രക്ഷപ്പെടുകയുമായിരുന്നു.
കൊലപാതകത്തിന് 30 വര്‍ഷം തടവും കൊലപാതകശ്രമത്തിന് 20 വര്‍ഷം തടവും വംശീയ വിദ്വേഷത്തിന് മൂന്ന് വര്‍ഷം തടവും കോടതി പ്രതിക്ക് ശിക്ഷ വിധിച്ചു. മിഡില്‍ ഈസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരകളുടെ മതവും അറബ് ബന്ധവും കാരണമാണ് കുറ്റകൃത്യം നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിയിരുന്നു. വിദ്വേഷകരമായ ഉദ്ദേശ്യത്തോടെയാണ് ചുബ തന്റെ മുസ്‌ലിം വാടകക്കാരെ ലക്ഷ്യമിട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വിദ്വേഷ കുറ്റകൃത്യങ്ങളിലൊന്നായിരുന്നു ഇത്.
പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ വയറിനുള്ളില്‍ 15 സെന്റീമീറ്റര്‍ നീളമുള്ള സൈനിക കത്തി കണ്ടെത്തിയിരുന്നു. അന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റകൃത്യത്തെ അപലപിക്കുകയും അതിനെ ഭീകരമായ വെറുപ്പ് നിറഞ്ഞ പ്രവൃത്തി എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.