മംഗളുരു: സുഹാസ് ഷെട്ടി വധക്കേസിലെ പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടുമായി നേരിട്ട് ബന്ധമില്ലെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ. 2022-ലെ ഫാസിൽ കൊലക്കേസിലെ പ്രതിയായ സുഹാസിനെ കൊലപ്പെടുത്താൻ ഫാസിലിന്റെ സഹോദരൻ ആദിൽ ആണ് പണം മുടക്കിയതെന്നും, കൊലപാതകത്തിനു പിന്നിൽ വൻ ഗൂഢാലോചന ഉണ്ടെന്നും മാധ്യമങ്ങളുമായി സംസാരിക്കവെ കമ്മീഷണർ പറഞ്ഞു. സുഹാസ് ഷെട്ടി വധക്കേസിൽ എട്ടുപേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയും വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകനുമായ സുഹാസ് ഷെട്ടി വ്യാഴാഴ്ച വൈകിട്ട് 8.30 ഓടെയാണ് കൊല്ലപ്പെട്ടത്. മാരുതി സ്വിഫ്റ്റ് കാറിലെത്തിയ ഒരു സംഘം സുഹാസിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തുകയും വാളുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ഇയാളെ എ.ജെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2022-ലെ പ്രമാദമായ ഫാസിൽ വധക്കേസിലെ പ്രധാന പ്രതിയായിരുന്നു സുഹാസ്.
സുഹാസ് വധത്തിനു പിന്നിൽ നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടാണെന്നും സംഭവത്തെപ്പറ്റി എൻ.ഐ.എ അന്വേഷണം നടത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
അബ്ദുൽ സഫ്‌വാൻ (29), നിയാസ് (28), കലന്തർ ഷാഫി (31), മുഹമ്മദ് മുസമ്മിൽ (32), രഞ്ജിത്ത് (19), നാഗരാജ് (20) മുഹമ്മദ് റിസ്വാൻ (3), ആദിൽ മഹറൂഫ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇതിൽ ആറു പേർ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നേരിട്ടു പങ്കെടുത്തതായും ഒന്നാം പ്രതിയായ അബ്ദുൽ സഫ്‌വാൻ ആണ് കൃത്യം ആസൂത്രണം ചെയ്തതെന്നും കമ്മീഷണർ പറഞ്ഞു. 2023-ൽ സുഹാസ് ഷെട്ടിയുടെ സഹായികളായ പ്രശാന്ത്, ധൻരാജ് എന്നിവർ സഫ്‌വാനെ ആക്രമിച്ചിരുന്നുവെന്നും, താൻ കൊല്ലപ്പെട്ടേക്കാമെന്ന ഭയത്താലാണ് സഫ്‌വാൻ സുഹാസിനെ കൊല്ലാൻ മുന്നിൽ നിന്നതെന്നും അനുപം അഗർവാൾ പറഞ്ഞു.
2022-ൽ സുഹാസ് ഷെട്ടിയുടെ സംഘം കൊലപ്പെടുത്തിയ ഫാസിലിന്റെ സഹോദരൻ ആണ് പ്രതികാരക്കൊലക്കു വേണ്ടി പണം മുടക്കിയത്. സഫ്‌വാന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് ആദിൽ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും മൂന്ന് ലക്ഷം കൈമാറുകയും ചെയ്തു. കൊലപാതകത്തിനു വേണ്ടി രണ്ടാം പ്രതി നിയാസിന്റെ സുഹൃത്തുക്കളായ രഞ്ജിത്തിനെയും നാഗരാജിനെയും വാടകയ്‌ക്കെടുത്തു. സുഹാസ് ഷെട്ടി ഉണ്ടാകാറുള്ള സ്ഥലവും ചലനങ്ങളും വിലയിരുത്തിയ ശേഷം മെയ് ഒന്നിനാണ് കുറ്റകൃത്യം നടത്തിയത്.
കൊലപാതകത്തിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടെന്ന ആരോപണത്തിന് തെളിവ് ലഭിച്ചിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു. പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശദമായി പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.