ന്യൂഡൽഹി പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ രൂപപ്പെട്ട ഇന്ത്യ – പാകിസ്താൻ അസ്വാരസ്യത്തിൽ വൻവില നൽകേണ്ടി വരിക രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെന്ന് റിപ്പോർട്ട്. ഇന്ത്യൻ വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നടപടി പാകിസ്താൻ ഒരു വർഷം തുടർന്നാൽ എയർ ഇന്ത്യക്ക് 5,000-കോടി രൂപയിലേറെ നഷ്ടമുണ്ടാകാമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ നഷ്ടം ഒഴിവാക്കാൻ സബ്‌സിഡി അനുവദിക്കണമെന്ന് കാണിച്ച് ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി ഏപ്രിൽ 27-ന് കേന്ദ്ര സർക്കാറിന് കത്തയച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ വ്യോമപാത അടച്ചതിനാൽ കൂടുതൽ ഇന്ധനച്ചെലവുള്ള മറ്റ് റൂട്ടുകൾ തെരഞ്ഞെടുക്കേണ്ടി വരുന്നതാണ് എയർ ഇന്ത്യക്ക് തിരിച്ചടിയാവുക. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള എയർ ഇന്ത്യാ വിമാനങ്ങൾ പാകിസ്താന്റെ വ്യോമപാതയിലൂടെയാണ് നേരത്തെ പറഞ്ഞിരുന്നത്. ഇന്ത്യൻ മാർക്കറ്റിൽ 26.5 ശതമാനം ഷെയർ ഉള്ള എയർ ഇന്ത്യയാണ് യൂറോപ്പ്, യു.എസ്, കാനഡ എന്നിവിടങ്ങളിലേക്ക് ഏറ്റവുമധികം സർവീസ് നടത്തുന്നത്.
പ്രത്യേക സാഹചര്യം പരിഗണിച്ച് വിമാനക്കമ്പനികൾക്ക് സബ്‌സിഡി അനുവദിച്ചാൽ അത് നന്നാവുമെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ സബ്‌സിഡി ഒഴിവാക്കാമെന്നും കേന്ദ്ര സർക്കാറിനയച്ച കത്തിൽ എയർ ഇന്ത്യ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. ‘പാകിസ്താൻ വ്യോമാതിർത്തി അടച്ചത് ഏറ്റവുമധികം ബാധിക്കുന്നത് എയർ ഇന്ത്യയെയാണ്. കൂടുതൽ ഇന്ധനവും അധിക ജീവനക്കാരും ഇതോടെ ആവശ്യമായി വരുന്നു.’ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ വ്യോമപാത വഴി പറക്കാനുള്ള അനുമതി തേടുന്ന കാര്യം പരിഗണിക്കണമെന്നും കത്തിലുണ്ട്.