ജയ്പ്പൂര്‍: ബാറ്റര്‍മാരെല്ലാം അപാരഫോമില്‍ തകര്‍ത്താടുന്നു. ബൗളര്‍മാര്‍ മൈതാനത്ത് തീക്കാറ്റ് വിതയ്ക്കുന്നു. ഫീല്‍ഡര്‍മാര്‍ പാറിനടക്കുന്നു. തങ്ങളുടെ കരിയര്‍ പീക്ക് കാലം ഓര്‍മിപ്പിച്ച് സര്‍വമേഖലകളിലും സര്‍വാധിപത്യത്തോടെ കുതികുതിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാനെതിരെ അവരുടെ ഹോംഗ്രൗണ്ടില്‍ 100 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഹര്‍ദിക് പാണ്ഡ്യയുടെ സംഘം ഇന്ന് കുറിച്ചത്. ജയത്തോടെ റണ്‍നിരക്കിന്റെ ബലത്തില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് മുംബൈ.
ഓപണര്‍മാരായ റിയാന്‍ റിക്കല്‍ട്ടനും(61) രോഹിത് ശര്‍മയും(53) ചേര്‍ന്നുള്ള വെടിക്കെട്ട് ഓപണിങ്ങും സൂര്യകുമാര്‍ യാദവും(48) ഹര്‍ദിക് പാണ്ഡ്യയും(48) ചേര്‍ന്നുള്ള സൂപ്പര്‍ ഫിനിഷിങ്ങും ചേര്‍ന്ന് 217 എന്ന കൂറ്റന്‍ സ്‌കോറാണ് ജയ്പ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ സന്ദര്‍ശകര്‍ ഉയര്‍ത്തിയത്. വലിയ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ആതിഥേയരെ ട്രെന്റ് ബോള്‍ട്ടും കരണ്‍ ശര്‍മയും ദീപക് ചഹാറും ജസ്പ്രീത് ബുംറയും ചേര്‍ന്ന് എറിഞ്ഞുവീഴുത്തുകയും ചെയ്തു.
ക്രിക്കറ്റ് ലോകം മൊത്തം ആകാംക്ഷയോടെ കാത്തിരുന്ന ‘വണ്ടര്‍ കിഡ്’ വൈഭവ് സൂര്യവന്‍ശിയുടെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പ് ആദ്യ ഓവറില്‍ തന്നെ മുംബൈ അവസാനിപ്പിച്ചു. സംപ്യൂജ്യനായി ദീപക് ചഹാറിന്റെ പന്തില്‍ മിഡോണില്‍ വില്‍ ജാക്ക്‌സ് പിടിച്ച് വൈഭവ് പുറത്താകുമ്പോള്‍ മുംബൈ കോച്ചിങ് സ്റ്റാഫിന്റെ മുഖത്തെ ആശ്വാസം പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. തൊട്ടടുത്ത ഓവറില്‍ തുടരെ സിക്‌സറുകളുമായി അപകടഭീഷണി ഉയര്‍ത്തിയ യശസ്വി ജയ്‌സ്വാളിനെ ബോള്‍ട്ട് ക്ലീന്‍ബൗള്‍ഡാക്കുകയും ചെയ്തു. അതോടെ എല്ലാ അപകടവും അവസാനിച്ചെന്ന ആശ്വാസത്തിലായി മുംബൈ.
പിന്നീട് ഇടവേളകളില്‍ രാജസ്ഥാന്‍ വിക്കറ്റുകള്‍ ഓരോന്നായി കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. വന്‍ ടോട്ടലിന്റെ സമ്മര്‍ദം മുന്നിലുള്ളതിനാല്‍ കൂറ്റനടിക്കു ശ്രമിച്ച് മുംബൈ ബൗളര്‍മാര്‍ കുഴിച്ച കുഴിയില്‍ ഓരോരുത്തരായി തലവച്ചുവീഴുന്ന കാഴ്ചയായിരുന്നു ജയ്പ്പൂരില്‍.
പവര്‍പ്ലേയില്‍ റണ്ണൊഴുക്ക് പിടിച്ചുകെട്ടി ദീപക് ചഹാറും വിക്കറ്റുകള്‍ കൊയ്ത് ബോള്‍ട്ടും നല്‍കിയ ഗംഭീര തുടക്കം ബാക്കി ബൗളര്‍മാര്‍ മുതലെടുക്കുകയായിരുന്നു. ബോള്‍ട്ടും കരണ്‍ ശര്‍മയും മൂന്ന് വിക്കറ്റ് വീതം കൊയ്തപ്പോള്‍ ബുംറ രണ്ട് വിക്കറ്റും വീഴ്ത്തി. ചഹാറിനും ഹര്‍ദികിനും ഓരോ വിക്കറ്റും ലഭിച്ചു.
നേരത്തെ, ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്തിട്ടും മുംബൈ ഓപണര്‍മാരെ പിടിച്ചുകെട്ടാനാകാതെ ഗ്രൗണ്ടില്‍ ഉഴറിനടക്കുകയായിരുന്നു രാജസ്ഥാന്‍ സംഘം. ഒപ്പം ബൗളിങ് ചേഞ്ചില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ അബദ്ധങ്ങള്‍ കൂടിയായതോടെ റിക്കല്‍ട്ടനും രോഹിതിനും കാര്യങ്ങള്‍ എളുപ്പമായി. ഇരുവരും ചേര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിവച്ചേടത്തുനിന്ന് തുടങ്ങുകയായിരുന്നു ഇന്ന്. റിക്കല്‍ട്ടന്‍ അറ്റാക്കിങ് മോഡില്‍ തകര്‍ത്താടിയപ്പോള്‍ രോഹിത് എല്ലാ പിന്തുണയുമായി കൂടെനിന്നു. റണ്‍നിരക്ക് താഴാതെ ഇടവേളകളില്‍ ബൗണ്ടറികളും കണ്ടെത്തി. ഒടുവില്‍ 12-ാം ഓവറിലാണ് രാജസ്ഥാന് ഓപണിങ് കൂട്ടുകെട്ട് പൊളിക്കാനായത്. മഹേഷ് തീക്ഷണ എറിഞ്ഞ പന്തില്‍ ക്ലീന്‍ബൗള്‍ഡായി മടങ്ങുമ്പോള്‍ 38 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 61 റണ്‍സെടുത്തിരുന്നു റിക്കല്‍ട്ടന്‍. അര്‍ധസെഞ്ച്വറി നേടി പിന്നാലെ രോഹിതും മടങ്ങി. 36 പന്തില്‍ ഒന്‍പത് ബൗണ്ടറി സഹിതം 53 റണ്‍സായിരുന്നു മുന്‍ മുംബൈ നായകന്റെ സമ്പാദ്യം.
സെറ്റായ ബാറ്റര്‍മാര്‍ പവലിയനിലേക്കു മടങ്ങിയിട്ടും മുംബൈയെ പ്രതിരോധത്തിലാക്കാനോ സ്‌കോര്‍വേഗം കുറയ്ക്കാനോ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കായില്ല. ഓപണര്‍മാരില്‍നിന്ന് ബാറ്റണ്‍ ഏറ്റുവാങ്ങി ഹര്‍ദികും സൂര്യയും ചേര്‍ന്ന് കളം നിറഞ്ഞാടുകയായിരുന്നു പിന്നീട്.
പരാഗ് പന്തെടുത്ത് രണ്ട് ഓവര്‍ ഒഴികെ മറ്റൊരു ഘട്ടത്തിലും മുംബൈയുടെ റണ്‍നിരക്ക് താഴേക്ക് പോകുന്നത് കണ്ടില്ല. രാജസ്ഥാന്‍ കുപ്പായത്തിലെ അരങ്ങേറ്റത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ആകാശ് മധ്‌വാള്‍ ഉള്‍പ്പെടെ ബാക്കി ബൗളര്‍മാരെല്ലാം മുംബൈ ബാറ്റര്‍മാര്‍ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു.
സൂര്യ 23 പന്തി ല്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 48 റണ്‍സെടുത്തപ്പോള്‍, 23 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം അത്ര തന്നെ റണ്‍സെടുത്ത് പാണ്ഡ്യയും പുറത്താകാതെനിന്നു.