ജറൂസലേം: 77-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന്, 2025 ഏപ്രിൽ 30-ന്, ജറൂസലേമിന്റെ പുറംനഗരങ്ങളിൽ പടർന്ന കാട്ടുതീ ഇസ്രായിലിൽ വൻ പ്രതിസന്ധിയാകുന്നു. ജറൂസലേമിലെ ലാത്രൂൺ, എസ്താവോൾ, ബേത് ഷെമേഷ് എന്നിവിടങ്ങളിലെ വനങ്ങളിളാണ് തീ ആളിപ്പടർന്നത്. ഏകദേശം 3,000 ഏക്കർ ഭൂമി കത്തിനശിച്ചു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വിനാശകരമായ കാട്ടുതീകളിലൊന്നാണിതെന്ന് അധികൃതർ പറഞ്ഞു.
35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയും മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയുള്ള ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് തീയുടെ വ്യാപനത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. ജറൂസലേമിനും തെൽ അവീവിനുമിടയിലെ പ്രധാന ദേശീയ പാതയായ റൂട്ട് 1-ന്റെ പ്രവർത്തനം തടസ്സപ്പെട്ടു, കനത്ത പുക ജറൂസലേം നഗരത്തിന്റെ ആകാശത്തെ മൂടി. തീ വ്യാപിച്ചതോടെ, ലാത്രൂൺ, നെവെ ഷലോം, മിഷ്മാർ അയലോൺ, ഷോറേഷ്, ബേത് ഷെമേഷ് എന്നിവിടങ്ങളിലെ അഞ്ച് കമ്മ്യൂണിറ്റികളിൽ നിന്ന് ഏകദേശം 7,000-ലധികം ആളുകളെ ഒഴിപ്പിച്ചു.
“ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ കാട്ടുതീ” എന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഗ്നിബാധയെ വിശേഷിപ്പിച്ചത്. “പടിഞ്ഞാറൻ കാറ്റ് തീയെ ജറൂസലേമിന്റെ പുറംഭാഗങ്ങളിലേക്കോ നഗരത്തിനുള്ളിലേക്കോ എളുപ്പത്തിൽ തള്ളിവിടാം. നമ്മുടെ മുൻഗണന ഇപ്പോൾ ജറൂസലേമിനെ സംരക്ഷിക്കുക എന്നതാണ്,” നെതന്യാഹു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. വിമാനങ്ങളടക്കം അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കാളിയായെങ്കിലും സ്ഥിതിഗതികൾ ഇതുവരെ പൂർണമായി നിയന്ത്രണവിധേയമായിട്ടില്ല.
.
തീ അണയ്ക്കുന്നതിനും ഒഴിപ്പിക്കലിനും സഹായമായി ഇസ്രായിൽ സൈന്യം സൈനികരെ വിന്യസിച്ചു. ദേശീയ അഗ്നിശമന, രക്ഷാപ്രവർത്തന അതോറിറ്റി മുഴുവൻ ജില്ലകളിൽ നിന്നും സേനയെ രംഗത്തിറക്കിയതായി കമ്മീഷണർ ഐയൽ കാസ്പി പറഞ്ഞു. ഇത് ഇസ്രായേലിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ അഗ്നിബാധയാകാമെന്ന് ജറൂസലേം ജില്ലാ അഗ്നിശമന വകുപ്പ് കമാൻഡർ ഷ്മുലിക് ഫ്രീഡ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.
മഗെൻ ഡേവിഡ് അഡോം (MDA) എമർജൻസി സർവീസിന്റെ കണക്കുകൾ പ്രകാരം, പുക ശ്വസിച്ചതിനും പൊള്ളലേറ്റതിനുമായി 30-ഓളം പേർക്ക് ചികിത്സ നൽകിയിട്ടുണ്ട്. 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോറേഷിലെ ഒരു വൃദ്ധസദനത്തിൽ നിന്ന് 20-ലധികം ആംബുലൻസുകളുടെ സഹായത്തോടെ നിരവധി പ്രായമായവരെ ഒഴിപ്പിച്ചു.
അഗ്നിബാധയെ നേരിടാൻ വിവിധ ലോകരാഷ്ട്രങ്ങൾ ഇസ്രായേലിന് സഹായം വാഗ്ദാനം നൽകിയിട്ടുണ്ട്. ഗ്രീസ്, സൈപ്രസ്, ക്രൊയേഷ്യ, ഇറ്റലി, ബൾഗേറിയ, ബ്രിട്ടൻ, ഫ്രാൻസ് രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തതായും ഇറ്റലിയിൽ നിന്നും ക്രൊയേഷ്യയിൽ നിന്നും മൂന്ന് അഗ്നിശമന വിമാനങ്ങൾ എത്തിയതായും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഫലസ്തീൻ അതോറിറ്റിയും തീ അണയ്ക്കാൻ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദേശീയ പാർക്കുകളിലേക്കും വനങ്ങളിലേക്കുമുള്ള സന്ദർശക പ്രവേശനം അധികൃതർ നിരോധിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മൗണ്ട് ഹെർസലിൽ നടക്കേണ്ടിയിരുന്ന ഔദ്യോഗിക ദേശീയ ചടങ്ങ് റദ്ദാക്കി.
രാജ്യത്തെ നടുക്കിയ അഗ്നിബാധയുടെ കാരണം വ്യക്തമല്ലെങ്കിലും, പിന്നിൽ ആസൂത്രിതമായ തീവെപ്പ് ആകാമെന്ന സംശയമുണ്ട്. കിഴക്കൻ ജറൂസലേമിൽ ഒരു വ്യക്തിയെ “ഒരു വയലിൽ തീ വെക്കാൻ ശ്രമിച്ചതിന്” അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു,