ന്യൂഡൽഹി: പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്കേർപ്പെടുത്തി. ഇന്ത്യൻ വിമാനങ്ങൾക്കു പാകിസ്താൻ വ്യോമാനുമതി നിഷേധിച്ച് ആറുദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ മറുപടി.
ഇതോടെ പാകിസ്താൻ എയർലൈൻസ് വിമാനങ്ങൾക്കും പാകിസ്താനിലേക്ക് സർവീസ് നടത്തുന്ന കമ്പനികൾക്കും ഇനി ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാനാകില്ല. പാക് യാത്ര, സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകേണ്ടെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. അതേസമയം, പാകിസ്താൻ വഴിയെത്തുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല. പാകിസ്താൻ വിമാനങ്ങൾ ഇന്ത്യ കടന്നാണ് തെക്കൻ ഏഷ്യയിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും മറ്റും പോകുന്നത്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാകിസ്താനെതിരേ സ്വീകരിച്ച കടുത്ത നടപടികൾക്കു പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ വ്യോമാനുമതി നിഷേധിച്ചിരുന്നത്. അതിനിടെ, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താന് സൈനിക തിരിച്ചടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.
എന്നാൽ ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷവും യുദ്ധവുമൊഴിവാക്കാൻ ഐക്യരാഷ്ട്ര സഭയും വിദേശ രാജ്യങ്ങളും മാധ്യസ്ഥ നീക്കം നടത്തുന്നുണ്ട്. അടുത്ത 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ തങ്ങൾക്കെതിരെ സൈനിക നടപടിക്ക് പദ്ധതിയിടുന്നുവെന്ന് വിശ്വസനീയ രഹസ്യാന്വേഷണ വിവരം പക്കലുണ്ടെന്ന് പാകിസ്താൻ അവകാശപ്പെട്ടതിനിടെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇരു രാജ്യങ്ങളുമായി ഫോണിൽ സംസാരിച്ചു. ഇതിന് പുറമെ യു.എസും സൗദിയും സംഘർഷാവസ്ഥ ലഘൂകരിക്കാൻ ഇടപെട്ടിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുരന്തപൂർണമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന് ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമപരമായ മാർഗങ്ങളിലൂടെ ഇരകൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇന്ത്യയും പാകിസ്താനും തമ്മിൽ വർധിക്കുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്കയും രേഖപ്പെടുത്തി.