കണ്ണൂർ: ബി.ജെ.പി പ്രാദേശിക നേതാവും പരിയാരം കൈതപ്രത്തെ ഓട്ടോ ഡ്രൈവറുമായ കെ.കെ രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. രാധാകൃഷ്ണന്റെ ഭാര്യയും ബി.ജെ.പി മുൻ ജില്ലാ കമ്മിറ്റി അംഗവും തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായിരുന്ന മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തു വീട്ടിൽ മിനി നമ്പ്യാരെ(42)യാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിലെ ഒന്നാം പ്രതി സന്തോഷുമായി ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടാണ് അറസ്റ്റ്.
ക്ലാസ്‌മേറ്റുകളായിരുന്ന മിനിയും ഒന്നാം പ്രതിയായ സന്തോഷും തമ്മിലുള്ള സൗഹൃദം എതിർത്തതിന്റെ പകയാണ് രാധാകൃഷ്ണനെ വകവരുത്താൻ സന്തോഷിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. ഇതേ തുടർന്ന് മിനിയും സന്തോഷും ചേർന്ന് ഗൂഢാലോചന നടത്തിയതെന്നാണ് പറയുന്നത്. കൊലപാതകത്തിന് മുമ്പും ശേഷവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടതടക്കമുള്ള ശാസ്ത്രീയ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
സ്‌കൂളിലെ പൂർവവിദ്യാർത്ഥി സംഗമത്തിലാണ് സന്തോഷും മിനിയും വീണ്ടും കണ്ടുമുട്ടി സൗഹൃദം തുടർന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തിരുന്നു. സൗഹൃദം രാധാകൃഷ്ണൻ വിലക്കിയത് ഇരുവർക്കും തീരേ ഇഷ്ടമായിരുന്നില്ല. ഇതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താൻ തുടങ്ങി.
തുടർന്ന് രാധാകൃഷ്ണൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിച്ചതോടെ സന്തോഷിന്റെ പകയും ഭീഷണിയും കൂടുകയായിരുന്നു. കൊലപാതക ദിവസം വൈകിട്ട് ‘നിനക്കു മാപ്പില്ല’ എന്ന് സന്തോഷ് സമൂഹമാധ്യമത്തിൽ കുറിച്ചതായും നാട്ടുകാർ പ്രതികരിച്ചു. രാധാകൃഷ്ണനെ കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് എയർഗണ്ണുമായി നിൽക്കുന്ന ചിത്രം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സന്തോഷ് രാധാകൃഷ്ണന്റെ പണി നടക്കുന്ന കൈതപ്രത്തെ വീട്ടിൽ ഒളിച്ചിരുന്ന് കഴിഞ്ഞമാസം 20-നാണ് വെടിവെച്ചു കൊന്നത്.

കേസിൽ സന്തോഷിനെയും തോക്ക് നൽകിയ സജോ ജോസഫിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മൂന്നാം പ്രതിയായ മിനിയെ അറസ്റ്റ് ചെയ്ത് പയ്യന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തതായി പോലീസ് വ്യക്തമാക്കി.