ജിദ്ദ: കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ (2016-2024) വിദേശ വിനോദസഞ്ചാരികൾ സൗദിയിൽ 816 ബില്യൺ (81,600 കോടി) റിയാൽ ചെലവഴിച്ചതായി കണക്ക്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിൽ ശക്തമായ വളർച്ചയുണ്ടായി. 2023ൽ 141 ബില്യൺ റിയാലും 2024-ൽ 154 ബില്യൺ റിയാലും വിദേശ ടൂറിസ്റ്റുകൾ സൗദിയിൽ ചെലവഴിച്ചു.
2017 മുതൽ ഇതുവരെ സൗദിയിൽ പുതിയ ടൂറിസം പദ്ധതികൾ ആരംഭിക്കാതെയും പുതിയ സീസണുകൾക്കും ഫെസ്റ്റിവലുകൾക്കും സമാരംഭം കുറിക്കാതെയും ടൂറിസം മേഖലയിൽ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരാതെയും ഒരു വർഷം പോലും കടന്നുപോയിട്ടില്ല. ഇവയെല്ലാം ടൂറിസം മേഖലാ ധനവിനിയോഗത്തിൽ ഗണ്യമായ വളർച്ചക്ക് കാരണമായി.
വിഷൻ 2030 പ്രഖ്യാപിക്കുന്നതിനു മുമ്പ് വിനോദസഞ്ചാരികളുടെ ധനവിനിയോഗത്തിന്റെ 60 ശതമാനം മതപരമായ ആവശ്യങ്ങൾക്ക് എത്തിയ ടൂറിസ്റ്റുകളുടെ വിഹിതമായിരുന്നു. ഹജ്, ഉംറ തീർഥാടകരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നതിനിടയിലും വിനോദസഞ്ചാര, വിനോദ പദ്ധതികളുടെ വൈവിധ്യം കാരണം 2023 അവസാനത്തോടെ ഈ അനുപാതം 55 ശതമാനമായി കുറഞ്ഞു. വിനോദസഞ്ചാര വ്യവസായ മേഖലയിലെ വിഷൻ 2030 ലക്ഷ്യങ്ങൾ 2023ൽ സൗദി അറേബ്യ മറികടന്നു. നിശ്ചയിച്ചതിലും ഏഴുവർഷം മുമ്പേ ലക്ഷ്യം കൈവരിക്കാൻ സാധിച്ചു.
2030-ഓടെ പ്രതിവർഷം രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം 10 കോടിയായി ഉയർത്താനാണ് വിഷൻ 2030 ലക്ഷ്യമിട്ടിരുന്നത്. നിശ്ചയിച്ചിലും ഏഴു വർഷം മുമ്പേ ലക്ഷ്യം കൈവരിക്കാൻ സാധിച്ചത് 2030-ലെ ലക്ഷ്യം 15 കോടി ടൂറിസ്റ്റുകളായി ഉയർത്താൻ സർക്കാരിനെ പ്രേരിപ്പിച്ചു. വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ ഈ ഗണ്യമായ വർധനവ് മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന 4.4 ശതമാനമായി ഉയർത്തി. 2030 ആകുമ്പോഴേക്കും ഇത് 10 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിലെ വളർച്ച കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തൊഴിലുകൾ സ്വദേശിവൽക്കരിക്കാനും സാധിച്ചു.
2016 മുതൽ സൗദിയിൽ വിനോദസഞ്ചാരികളുടെ എണ്ണം 56.4 കോടിയിലെത്തി. ഇതിൽ 79 ശതമാനം ആഭ്യന്തര വിനോദസഞ്ചാരികളായിരുന്നു. ഈ കാലയളവിൽ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 11.87 കോടിയായി. വിദേശ വിനോദസഞ്ചാരികളുടെ ധനവിനിയോഗത്തിലെ വർധന ടൂറിസം മേഖലാ ധനവിനിയോഗത്തിൽ തുടർച്ചയായി മൂന്നാം വർഷവും മിച്ചം നേടാൻ സഹായിച്ചു. 2018ന് മുമ്പുള്ള വർഷങ്ങളിൽ ടൂറിസം മേഖലാ ധനവിനിയോഗത്തിൽ കമ്മിയാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വർഷം ടൂറിസം ധനവിനിയോഗത്തിൽ 50 ബില്യൺ റിയാലിന്റെ റെക്കോർഡ് മിച്ചം കൈവരിച്ചു. തൊട്ടുമുൻ വർഷത്തെ അപേക്ഷിച്ച് എട്ടു ശമതാനം കൂടുതലാണിത്. കഴിഞ്ഞ കൊല്ലം സൗദി വിനോദസഞ്ചാരികൾ വിദേശങ്ങളിൽ നടത്തിയ ധനവിനിയോഗത്തിൽ 17 വളർച്ച രേഖപ്പെടുത്തിയിട്ടും ടൂറിസം ധനവിനിയോഗത്തിൽ 50 ബില്യൺ റിയാലിന്റെ മിച്ചം കൈവരിക്കാൻ രാജ്യത്തിന് സാധിച്ചു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വളർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സൗദി അറേബ്യ. സൗദി വിഷൻ 2030ന്റെ ഭാഗമായി ടൂറിസം മേഖലയിൽ സമൂലമായ പരിവർത്തനത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നു. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ ഹജും ഉംറയും നിർവഹിക്കാൻ എത്തുന്നതിനാൽ ദീർഘകാലമായി റിലീജ്യസ് ടൂറിസത്തിന്റെ കേന്ദ്രമായി സൗദി അറേബ്യ മാറിയിരുന്നു. ഈ ചട്ടക്കൂടിനു പുറത്തുള്ള ടൂറിസം മേഖല വർഷങ്ങളായി പരിമിതമായി തുടർന്നു. ഇന്ന്, വിനോദസഞ്ചാരം വളരെയധികം സാധ്യതകളുള്ള മികച്ച മേഖലയായി ഉയർന്നുവരികയാണ്.
അൽഉലയിലെ മനോഹരമായ പർവതനിരകളും ചെങ്കടലിന്റെ മനോഹരമായ ബീച്ചുകളും ചരിത്രപരമായ ദിർഇയയും നിയോമിലെയും ഖിദിയയിലെയും ഭാവി പദ്ധതികളും അടക്കം ആധികാരികതയും പുതുമയും ഇടകലർന്ന വൈവിധ്യമാർന്ന ടൂറിസം അനുഭവമാണ് സൗദി അറേബ്യ വാഗ്ദാനം ചെയ്യുന്നത്. പ്രധാന അന്താരാഷ്ട്ര കായിക, വിനോദ പരിപാടികൾക്ക് രാജ്യം ആതിഥേയത്വവും വഹിക്കുന്നു. ഇവ വിനോദസഞ്ചാരത്തിനും പര്യവേഷണത്തിനുമുള്ള സംയോജിത ലക്ഷ്യസ്ഥാനമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തി.
വിഷൻ 2030-ന്റെ ഭാഗമായി തന്ത്രപരമായ സംരംഭങ്ങളിലൂടെയും നയങ്ങളിലൂടെയും ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാൻ സൗദി അറേബ്യ പ്രവർത്തിക്കുന്നു. ടൂറിസം മന്ത്രാലയം, സൗദി ടൂറിസം അതോറിറ്റി, ടൂറിസം വികസന ഫണ്ട്, സൗദി റെഡ് സീ അതോറിറ്റി, എയർ കണക്റ്റിവിറ്റി പ്രോഗ്രാം, ടൂറിസം വികസന കൗൺസിൽ എന്നീ ആറ് പ്രധാന വകുപ്പുളിലൂടെ ടൂറിസം മേഖലാ വളർച്ചക്ക് രാജ്യം പ്രവർത്തിക്കുന്നു.
2019-ൽ സൗദി അറേബ്യ ആദ്യമായി ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങി, വിനോദസഞ്ചാരികൾക്കു മുന്നിൽ രാജ്യത്തിന്റെ വാതിലുകൾ തുറന്നുകൊടുത്തു. തുടർന്ന് സൗദിയിലെങ്ങും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് വിസിറ്റ് സൗദി പ്ലാറ്റ്‌ഫോമും ആരംഭിച്ചു.
റെഡ് സീ പ്രോജക്റ്റ്, അമാലാ, ദിർഇയ എന്നിവയുൾപ്പെടെയുള്ള മെഗാ ടൂറിസം പദ്ധതികൾ നേരത്തെ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഖിദിയ, നിയോം, അൽഉല എന്നിവ അടക്കം നിരവധി ടൂറിസം പദ്ധതികൾ പ്രഖ്യാപിക്കുകയും ഇവ സമയബന്ധിതമായി നടപ്പാക്കാൻ മത്സരിക്കുകയും ചെയ്യുന്നു.