ജിദ്ദ: ഈ വർഷം ആദ്യ പാദത്തിൽ 18 ഇനങ്ങളിലായി 7,015,671 വിസകൾ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ അനുവദിച്ചത് ഉംറ വിസകളാണ്. ആകെ വിസകളിൽ 66 ശതമാനം. ഈ വർഷം ആദ്യ പാദത്തിലെ വിദേശ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 46,09,707 ഉംറ വിസകൾ അനുവദിച്ചു.
രണ്ടാം സ്ഥാനത്ത് ടൂറിസ്റ്റ് വിസകളാണ്. മൂന്നു മാസത്തിനിടെ 10,32,738 ടൂറിസ്റ്റ് വിസകൾ അനുവദിച്ചു. ആകെ വിസകളിൽ 15 ശതമാനം വരുമിത്. തൊഴിൽ വിസകൾ മൂന്നാം സ്ഥാനത്താണ്. മൂന്നു മാസത്തിനിടെ 7,48,598 തൊഴിൽ വിസകൾ ഇഷ്യു ചെയ്തു. 11 ശതമാനം. നാലാം സ്ഥാനത്ത് ഫാമിലി വിസിറ്റ് വിസകളാണ്. 3,74,222 ഫാമിലി വിസിറ്റ് വിസകൾ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അനുവദിച്ചു. അഞ്ചു ശതമാനം. അഞ്ചാം സ്ഥാനത്ത് ട്രാൻസിറ്റ് വിസകളാണ്. ആകെ 95,057 ട്രാൻസിറ്റ് വിസകൾ മൂന്നു മാസത്തിനിടെ അനുവദിച്ചു, 1.35 ശതമാനം. ആറാം സ്ഥാനത്ത് ബിസിനസ് വിസിറ്റ് വിസകളാണ്. ഈ ഗണത്തിൽ പെട്ട 61,552 വിസകൾ അനുവദിച്ചു. ഒരു ശതമാനം വിസകൾ ബിസിനസ് വിസിറ്റ് വിസകളായിരുന്നു. സർക്കാർ സന്ദർശന വിസകൾ ഏഴാം സ്ഥാനത്താണ്. ആദ്യ പാദത്തിൽ 32,473 ഗവൺമെന്റ് വിസിറ്റ് വിസകൾ അനുവദിച്ചു. ആകെ വിസകളിൽ 0.46 ശതമാനം സർക്കാർ വിസിറ്റ് വിസകളായിരുന്നു.
എട്ടാം സ്ഥാനത്ത് താൽക്കാലിക തൊഴിൽ വിസകളാണ്. 26,661 താൽക്കാലിക തൊഴിൽ വിസകൾ മൂന്നു മാസത്തിനിടെ അനുവദിച്ചു. ആകെ വിസകളിൽ 0.38 ശതമാനം താൽക്കാലിക തൊഴിൽ വിസകളായിരുന്നു. റസിഡൻസ് വിസകൾ ഒമ്പതാം സ്ഥാനത്താണ്. ഈ വിഭാഗത്തിൽ 21,627 വിസകൾ അനുവദിച്ചു. 0.30 ശതമാനം റസിഡൻസ് വിസകളായിരുന്നു. പത്താം സ്ഥാനത്ത് ഗുഡ്‌സ് ഡെലിവറി വിസകളാണ്. ഇത്തരത്തിൽ പെട്ട 3,410 വിസകൾ അനുവദിച്ചു. 0.04 ശതമാനം.
ഏറ്റവും കുറവ് അഞ്ച് തരം വിസകളാണ്. ഇക്കൂട്ടത്തിൽ ഏറ്റവും കുറവ് പ്രീമിയം ഇഖാമ വിസകളാണ്. ഈ ഗണത്തിൽ പെട്ട രണ്ടു വിസകൾ മാത്രമാണ് മൂന്നു മാസത്തിനിടെ അനുവദിച്ചത്. രണ്ടാം സ്ഥാനത്ത് റിട്ടേൺ എക്സ്റ്റൻഷൻ വിസകളാണ്. ഈ ഗണത്തിൽ പെട്ട 48 വിസകൾ ആദ്യ പാദത്തിൽ അനുവദിച്ചു. പഠന വിസകൾ മൂന്നാം സ്ഥാനത്താണ്. 864 പഠന വിസകളാണ് മൂന്നു മാസത്തിനിടെ അനുവദിച്ചത്. നാലാം സ്ഥാനത്ത് പ്രതിനിധി വിസിറ്റ് വിസകളാണ്. ഇത്തരത്തിൽ പെട്ട 991 വിസകൾ അനുവദിച്ചു. 991 പ്രത്യേക വിസകളും 1,520 നയതന്ത്ര വിസകളും 2,619 പേഴ്‌സണൽ വിസിറ്റ് വിസകളും 2,632 അകമ്പടി വിസകളും ആദ്യ പാദത്തിൽ അനുവദിച്ചതായും വിദേശ മന്ത്രാലയം വ്യക്തമാക്കി.