ജിദ്ദ – സൂയസ്, പനാമ കനാലുകളിലൂടെ അമേരിക്കന്‍ സൈനിക, വാണിജ്യ കപ്പലുകളെ ടോളില്ലാതെ ഫ്രീയായായി കടന്നുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദത്തിന് തിരികൊളുത്തി. ഈ വിഷയം ഉടന്‍ ഏറ്റെടുക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ സൈനിക, വാണിജ്യ കപ്പലുകളെ പനാമ, സൂയസ് കനാലുകളിലൂടെ ഫ്രീയായി കടന്നുപോകാന്‍ അനുവദിക്കണം. അമേരിക്ക ഇല്ലാതെ ഈ കനാലുകള്‍ നിലനില്‍ക്കില്ല – ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ എഴുതി. പനാമ കനാല്‍ തിരിച്ചുപിടിക്കാനുള്ള തന്റെ ആഗ്രഹം ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതയാണ് സൂയസ് കനാല്‍. ആഗോള വ്യാപാരത്തിന്റെ 12 ശതമാനവും കണ്ടെയ്‌നര്‍ വ്യാപാരത്തിന്റെ 22 ശതമാനവും ഇതിലൂടെയാണ് കടന്നുപോകുന്നത്. ചെങ്കടലിലെയും ഏദന്‍ ഉള്‍ക്കടലിലെയും കപ്പല്‍ പാതകളില്‍ യെമനിലെ ഹൂത്തി വിമതര്‍ ആക്രമണങ്ങള്‍ നടത്തുന്നതിനു മുമ്പ്, യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന ജലപാതയായ ഈജിപ്തിലെ സൂയസ് കനാലിലൂടെയാണ് ആഗോള സമുദ്ര വ്യാപാരത്തിന്റെ പത്തു ശതമാനത്തിലേറെ കടന്നുപോയിരുന്നത്.
ഗാസ യുദ്ധം ആരംഭിച്ച ശേഷം ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ കപ്പലുകളെ ലക്ഷ്യം വെക്കാന്‍ തുടങ്ങി. ഇത് ആഫ്രിക്കയുടെ തെക്കേ അറ്റത്ത് ദീര്‍ഘവും ചെലവേറിയതുമായ വഴിയിലൂടെ തിരിച്ചുവിടാന്‍ കപ്പലുകളെ നിര്‍ബന്ധിതരാക്കി. കഴിഞ്ഞ വര്‍ഷം സൂയസ് കനാല്‍ വരുമാനം 60 ശതമാനം കുറഞ്ഞതായും 700 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നും ഈജിപ്ത് പറഞ്ഞു.
2024 ജനുവരി മുതല്‍ അമേരിക്കന്‍ സൈന്യം ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്നുണ്ട്. എന്നാല്‍ ട്രംപ് ഭരണത്തിനു കീഴില്‍ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി ഹൂത്തി കേന്ദ്രങ്ങളില്‍ ദിവസേന ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഹൂത്തികള്‍ കപ്പലുകള്‍ക്ക് ഭീഷണിയല്ലാകുന്നതുവരെ സൈനിക നടപടി തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.