സെവിയ്യ – ആവേശം എക്‌സ്ട്രാ ടൈമോളം നീണ്ട എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനെ കീഴടക്കി ബാർസലോണ കോപ ദെൽ റേ കിരീടമണിഞ്ഞതോടെ ഒരു കാര്യമുറപ്പായി; ഹാൻസി ഫ്ളിക്ക് ബാർസയിൽ അവതരിപ്പിച്ച “ഫ്ളിക്ക് ബോൾ” ആക്രമണതന്ത്രത്തിന് താരസമ്പന്നമായ റയൽ മാഡ്രിഡിനും മറുപടിയില്ല. ഈ സീസണിൽ നടന്ന മൂന്ന് എൽക്ലാസിക്കോ മത്സരങ്ങളും തൂത്തുവാരിയ ബാർസ, രണ്ട് കപ്പുകൾ (സ്പാനിഷ് സൂപ്പർ കപ്പ്, കോപ ദെൽ റേ) ഉയർത്തിയതും റയലിനെ ചവിട്ടി മെതിച്ചു തന്നെ. ലാലിഗയിൽ അടുത്ത മാസം നടക്കുന്ന നിർണായക മത്സരത്തിലെങ്കിലും കാർലോ ആൻചലോട്ടി ഫ്ളിക്ക് ബോളിന് മറുമരുന്ന് കാണുമോ എന്നാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.
ഇന്നലെ, ലോകം ഉറ്റുനോക്കിയ കോപ ദെൽ റേ ഫൈനലിൽ രണ്ടിനെതിരെ മൂന്നു ഗോളിനാണ് കാറ്റലൻപട ചിരവൈരികളായ മാഡ്രിഡുകാരുടെ ചിറകരിഞ്ഞത്. പെഡ്രി, ഫെറാൻ ടോറസ്, ജൂൾസ് കുണ്ടേ എന്നിവർ ബാർസയ്ക്കു വേണ്ടി സ്‌കോർ ചെയ്തപ്പോൾ റയലിന്റെ മറുപടി കിലിയൻ എംബാപ്പേ, ഓറിലിയൻ ചുവാമെനി എന്നിവരിലൊതുങ്ങി. മത്സരശേഷം റഫറിയോട് കലഹിച്ചതിന് മൂന്ന് റയൽ താരങ്ങൾ ചുവപ്പുകാർഡ് കണ്ടു.
ഹാൻസി ഫ്‌ളിക്കിന്റെ കീഴിൽ മിന്നും ഫോമിലുള്ള ബാർസ, പരിക്കിന്റെ പിടിയിലുള്ള വെറ്ററൻ താരം റോബർട്ട് ലെവൻഡവ്‌സ്‌കി ഇല്ലാതെയാണ് ഇറങ്ങിയത്. ബ്രസീലിയൻ താരങ്ങളായ വിനിഷ്യസും റോഡ്രിഗോയും റയലിന്റെ ആക്രമണം നയിച്ചപ്പോൾ കിലിയൻ എംബാപ്പെയ്ക്ക് ബെഞ്ചിലായിരുന്നു സ്ഥാനം.
കളി തുടങ്ങി 11-ാം മിനുട്ടിൽ തന്നെ പ്രതിരോധ താരം ഫെർലാൻഡ് മെൻഡിയെ റയലിന് പിൻവലിക്കേണ്ടി വന്നു. കൂട്ടിയിടിയിൽ പരിക്കേറ്റ മെൻഡിക്ക് തുടർന്ന് കളിക്കാൻ കഴിയില്ല എന്നായതോടെയാണ് ഫ്രാൻ ഗാർസ്യയെ പകരം ഇറക്കേണ്ടി വന്നത്.
തുറന്ന അവസരങ്ങൾ ഒന്നും പിറന്നില്ലെങ്കിലും ആദ്യ 20 മിനുട്ടിൽ നേരിയ മേൽക്കൈ ബാർസയ്ക്കായിരുന്നു. 21-ാം മിനുട്ടിൽ റഫിഞ്ഞയുടെ ഫ്രീകിക്കിൽ നിന്നുള്ള കുണ്ടേയുടെ ഗോൾശ്രമം തിബോട്ട് കോർട്വ പണിപ്പെട്ടാണ് വിഫലമാക്കിയത്. 28-ാം മിനുട്ടിൽ ബാർസ ആരാധകർ കാത്തിരുന്ന നിമിഷം സംഭവിച്ചു. അപകടകാരിയായ ലമീൻ യമാലിനെ തടയുന്നതിൽ റയൽ പ്രതിരോധം അമിത ശ്രദ്ധ നൽകിയപ്പോൾ ബോക്‌സിനു പുറത്തു രൂപപ്പെട്ട സ്‌പേസ് ഉപയോഗപ്പെടുത്തി പെഡ്രി ആദ്യവെടി പൊട്ടിച്ചു. ടച്ച് ലൈനു സമീപത്തുനിന്ന് പെഡ്രി ഉയർത്തിനൽകിയ പന്തുമായി ബോക്‌സിൽ പ്രവേശിച്ച യമാൽ, തന്നെ വളഞ്ഞുനിന്ന പ്രതിരോധക്കാരെ കബളിപ്പിച്ച് പന്ത് ഗോളിനു കുറുകെ പാസ് ചെയ്തു. അളവും തൂക്കവും കൃത്യമായിരുന്ന ആ പാസിൽ ഓടിക്കയറി വന്ന് ഷോട്ടുതിർക്കേണ്ട ജോലിയേ പെഡ്രിക്കുണ്ടായിരുന്നുള്ളൂ. തീർത്തും സ്വതന്ത്രനായ ഓടിവന്ന പെഡ്രിക്ക് കൃത്യമായി പൊസിഷൻ ചെയ്യാനും ഷോട്ടുതിർക്കാനും അവസരം നൽകിയ റയൽ പ്രതിരോധം ആയിരുന്നു ഗോളിലെ വില്ലൻ.
43-ാം മിനുട്ടിൽ ഡാനി ഓൽമോ എടുത്ത കോർണർ കിക്കിനിടെ റയലിന്റെ ബോക്‌സിൽ ആശങ്കയുടെ നിമിഷങ്ങളുണ്ടായെങ്കിലും ഗോളാക്കി മാറ്റാൻ ബാർസയ്ക്ക് കഴിഞ്ഞില്ല. ഇടവേളക്കു കയറുമ്പോൾ കാറ്റലൻസ് 1-0 ന് മുന്നിലായിരുന്നു.
ഹാഫ്‌ടൈമിൽ റോഡ്രിഗോയെ പിൻവലിച്ച് കിലിയൻ എംബാപ്പെയെ കളത്തിലിറക്കാനുള്ള റയൽ മാനേജർ കാർലോ ആൻചലോട്ടിയുടെ തീരുമാനം നിർണായകമായി. 50-ാം മിനുട്ടിൽ വിനിഷ്യസിന്റെ രണ്ട് ഗോൾശ്രമങ്ങൾ വിഫലമാക്കി ബാർസ കീപ്പർ ചെസ്‌നി അവസരത്തിനൊത്തുയർന്നു. ലൂക്കാസ് വാസ്‌ക്വെസിനു പകരം ലൂക്കാ മോഡ്രിച്ചും ഡാനി സെബയോസിനു പകരം അർദ ഗുളറും വന്നതോടെ റയലിന്റെ കളിക്ക് ചൂടുപിടിച്ചു. 59-ാം മിനുട്ടിൽ പെഡ്രിയിൽ നിന്ന് പന്ത് തട്ടിയെടുത്ത മോഡ്രിച്ച് അവസരം സൃഷ്ടിച്ചെങ്കിലും വിനിഷ്യസിന്റെ ഷോട്ട് ലക്ഷ്യത്തിലെത്തിയില്ല.
70-ാം മിനുട്ടിൽ റയലിന്റെ അധ്വാനത്തിന് ഫലം കണ്ടു. ബോക്‌സിനു പുറത്തു ലഭിച്ച ഡയറക്ട് ഫ്രീകിക്ക് ബാർസ പ്രതിരോധ മതിലിനിടയിലൂടെ വലയിലാക്കി എംബാപ്പെ ഗോൾ മടക്കി. ഈ ഗോൾ ബാർസയുടെ ആത്മവീര്യം കെടുത്തി. 77-ാം മിനുട്ടിൽ ഗുളർ എടുത്ത കോർണർ കിക്കിൽ ചാടിയുയർന്ന് ഹെഡ്ഡുതിർത്ത് ഓറിലിയൻ ചുവമെനി റയലിനെ മുന്നിലെത്തിച്ചു.
അവസാന നിമിഷങ്ങളിൽ റയൽ പ്രതിരോധിച്ചു ജയിക്കുമെന്നു തോന്നിച്ചെങ്കിലും 84-ാം മിനുട്ടിൽ ഗോൾകീപ്പർ തിബോട്ട് കോർട്വയ്ക്കും ഡിഫന്റർ റൂഡിഗറിനുമിടയിലെ ആശയക്കുഴപ്പത്തിന് റയൽ വലിയ വില കൊടുക്കേണ്ടി വന്നു. ലമീൻ യമാൽ സ്വന്തം ഹാഫിൽനിന്ന് എതിർ ബോക്‌സിലേക്ക് ഉയർത്തി നൽകിയ പാസ് കൈകാര്യം ചെയ്യുന്നതിൽ കോർട്വയും റൂഡിഗറും പരാജയപ്പെട്ടപ്പോൾ പന്ത് റാഞ്ചിയ ഫെറാൻ ടോറസ് അവസരം മുതലെടുത്ത് ആളൊഴിഞ്ഞ പോസ്റ്റിലേക്ക് ഉരുട്ടി വിട്ടു. സ്ലൈഡിങ് ഡൈവ് ചെയ്ത് സേവ് ചെയ്യാനുള്ള റൂഡിഗറുടെ ശ്രമവും വിലപ്പോയില്ല. (2-2).
98-ാം മിനുട്ടിൽ റഫിഞ്ഞ റയലിന്റെ ബോക്‌സിൽ വീണപ്പോൾ റഫറി പെനാൽട്ടി ബോക്‌സിലേക്ക് വിരൽ ചൂണ്ടിയെങ്കിലും സുദീർഘമായ വാർ പരിശോധനയ്‌ക്കൊടുവിൽ തീരുമാനം മരവിപ്പിച്ചു. ബാർസയുടെ ബ്രസീലിയൻ താരം ഡൈവ് ചെയ്തതിന് മഞ്ഞക്കാർഡ് കാണുകയും ചെയ്തു. പിന്നെയും അഞ്ച് മിനുട്ടോളം കളിച്ചെങ്കിലും ഇരുഭാഗത്തും ഗോളൊന്നും പിറന്നില്ല.
എക്ട്രാ ടൈമിന്റെ 26-ാം മിനുട്ടിലാണ് കളിയുടെ വിധി നിർണയിച്ച ഗോൾ വന്നത്. സ്വന്തം ഗോൾമുഖത്തു നിന്ന് ലൂക്കാ മോഡ്രിച്ച് ബ്രഹീം ഡയസിന് നൽകിയ പാസ് ഓടിക്കയറി റാഞ്ചിയെടുത്ത ജൂൾസ് കുണ്ടേ, കുറ്റമറ്റൊരു കാർപ്പറ്റ് ഷോട്ടിലൂടെ ഫിനിഷ് ചെയ്യുകയായിരുന്നു. ഹാൻസി ഫ്‌ളിക്കിന്റെ ആൾഔട്ട് ആക്രമണതന്ത്രത്തിന്റെ ഫലമായിരുന്നു ഈ ഗോൾ. (3-2).
118-ാം മിനുട്ടിൽ പൗ കുബാർസി കിലിയൻ എംബാപ്പെയെ ബോക്‌സിൽ വീഴ്ത്തിയപ്പോൾ റയലിന് പെനാൽട്ടി ലഭിച്ചുവെന്ന് തോന്നിച്ചെങ്കിലും ബിൽഡ് അപ്പിലെ ഓഫ്‌സൈഡ് ഭാഗ്യം ബാർസയ്‌ക്കൊപ്പം നിന്നു.
ഈ വർഷം ജനുവരിയിൽ ജിദ്ദയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ റയൽ മാഡ്രിഡിനെ തകർത്ത് കിരിടീമണിഞ്ഞ ബാർസയ്ക്ക്, ബദ്ധവൈരികളെ വീഴ്ത്തിക്കൊണ്ടുള്ള കോപ ദെൽ റേ കിരീടം ഇരട്ടിമധുരമായി. ലാലിഗ കിരീടപോരാട്ടത്തിൽ മാറ്റുരക്കുന്ന ഇരു ടീമുകളും തമ്മിൽ മെയ് 11-ന് ഏറ്റുമുട്ടുന്നുണ്ട്. ആ കളി ജയിക്കാനായാൽ ബാർസയ്ക്ക് കിരീടം ഏറെക്കുറെ ഉറപ്പിക്കാൻ കഴിയും. റയലിനാകട്ടെ, ജയം ശക്തമായ തിരിച്ചുവരവിനുള്ള അവസരവുമാകും.