ശ്രീനഗര്‍– പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയ രണ്ട് ഭീകരരുടെ വീടുകള്‍ സ്ഫോടന വസ്തുക്കള്‍ ഉപയോഗിച്ച് സുരക്ഷാ സേന തകര്‍ത്തു. കശ്മീരിലെ അനന്തനാഗ് ജില്ലയിലെ ബൈസാരന്‍ വാലിയില്‍ ഏപ്രില്‍ 22ന് നടന്ന ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് നടപടി. ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരായ ആദില്‍ ഹുസൈന്‍ തോക്കറിന്റെയും ആസൂത്രികരില്‍ ഒരാളായ അസിഫ് ഷെയ്ഖിന്റെയും വീടുകളാണ് സുരക്ഷാസേന സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ഇവരുടെ വീടുകളില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ഹാഷിം മൂസ, അബു തല്‍ഹ, സുലൈമാന്‍ ഷാ എന്നിവരും ഭീകരാക്രമണ സംഘത്തിലുണ്ടായിരുന്നു.
ആദില്‍ ഹുസൈന്‍ തോക്കര്‍ മുമ്പ് അധ്യാപകനായിരുന്നെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു. ബിജ്‌ബേഹാര ഗുരി സ്വദേശിയായ ആദില്‍ പി.ജി വരെ പഠിച്ച ശേഷമാണ് അധ്യാപകനായി ജോലി ചെയ്തിരുന്നു. കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ആദിലിനു 2 സഹോദരന്മാരുണ്ട്. 2018ലാണ് ആദിലിനെ കാണാതാവുന്നത്. പാകിസ്ഥാനിലേക്ക് പോയെന്നായിരുന്നു വിവരം. പരിശീലനം നേടിയ ശേഷം കഴിഞ്ഞ വര്‍ഷം ആസിഫ് ഹാജി എന്ന ഭീകരനോടൊപ്പം രജൗരി, പൂഞ്ച് പ്രദേശങ്ങളില്‍ ഒളിച്ച് താമസിക്കുകയായിരുന്നു.
2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആക്രമണമായി ഈ സംഭവം കണക്കാക്കപ്പെടുന്നു. ജമ്മു-കശ്മീരിലെ ഭീകരതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. കൂടുതല്‍ ആക്രമണ സാധ്യതകള്‍ക്ക് മുന്നോടിയായി കാശ്മീരില്‍ സുരക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ഭീകരരെ പിടികൂടാനുള്ള തിരച്ചില്‍ തുടരുകയാണ്. ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പ്രഖ്യാപിച്ചിരിക്കുകയാണ് ജമ്മുകശ്മീര്‍ പോലീസ്. വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടില്ലെന്നും പോലീസ് പുറത്തിറക്കിയ പോസ്റ്ററിലുണ്ട്.