- ഭീകാരാക്രമണങ്ങളെ മതവുമായോ വംശവുമായോ സംസ്‌കാരവുമായോ ബന്ധിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യം
ജിദ്ദ: വൈവിധ്യവും മൈത്രിയും പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയിൽ ഉച്ചകോടി സംഘടിപ്പിക്കാൻ മുസ്‌ലിം വേൾഡ് ലീഗ് നീക്കം. സാംസ്‌കാരിക സംവാദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് വിശകലനം ചെയ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഈസ ജിദ്ദയിൽ നടത്തിയ കൂടിക്കാഴ്ചക്കിടെ ഇത്തരമൊരു ഉച്ചകോടി ഇന്ത്യയിൽ സംഘടിപ്പിക്കാനുള്ള നിർദേശത്തെ കുറിച്ച് ചർച്ച ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ന്യൂനപക്ഷം വസിക്കുന്ന ഇന്ത്യയിൽ വൈവിധ്യത്തിന്റെയും മൈത്രിയുടെയും ഉച്ചകോടി സംഘടിപ്പിക്കാനുള്ള നിർദേശത്തിൽ ഊന്നിയാണ് ഇന്ത്യൻ പ്രധാനമന്ത്രിയും മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും കൂടിക്കാഴ്ച നടത്തിയത്. വർധിച്ചുവരുന്ന ആഗോള സംഘർഷങ്ങൾക്കും ധ്രുവീകരണത്തിനും ഇടയിൽ വൈവിധ്യമാർന്ന സമൂഹങ്ങളിൽ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും എടുത്തുപറഞ്ഞു.
സാംസ്‌കാരിക, മത, വംശീയ വൈവിധ്യങ്ങളാൽ സമ്പന്നമായ ഇന്ത്യയിൽ ഈ ആശയങ്ങൾ രൂഢമൂലമാക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് ഇന്ത്യയിൽ വൈവിധ്യ മൈത്രി ഉച്ചകോടി നടത്തുക എന്ന ആശയം ഉയർന്നുവന്നത്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തെ ഇരുവരും അപലപിച്ചു. എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും നേതാക്കൾ അപലപിച്ചു. അത്തരം അക്രമങ്ങളെ ഏതെങ്കിലും പ്രത്യേക മതവുമായോ വംശവുമായോ സംസ്‌കാരവുമായോ ബന്ധിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഇന്ത്യൻ പ്രധാനമന്ത്രിയും മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും പറഞ്ഞു.
നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിന്റെ സമാപനത്തിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പരാമർശിച്ച പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് കൂടിക്കാഴ്ച നടന്നത്. ഭീകരതക്കുള്ള സാമ്പത്തിക സഹായം ചെറുക്കാനുള്ള സഹകരണം വർധിപ്പിക്കാനും, രാജ്യാന്തര ഭീഷണികളെ ചെറുക്കാനുള്ള പ്രതിജ്ഞാബദ്ധതയും സംയുക്ത പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. ഊർജം, പ്രതിരോധം, ഭക്ഷ്യസുരക്ഷ, ഡിജിറ്റൽ സഹകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്താനാണ് ഇന്ത്യൻ പ്രധാനമന്ത്രി സൗദി അറേബ്യ സന്ദർശിച്ചത്.
റിഫൈനറി, പെട്രോകെമിക്കൽ മേഖലയിൽ സംയുക്ത പദ്ധതികളും നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിലെ വിപുലമായ സഹകരണവും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചകളിൽ ഉൾപ്പെട്ടിരുന്നു.