ജിദ്ദ – ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കു മുന്നില്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിടാനുള്ള പാക്കിസ്ഥാന്റെ തീരുമാനം സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന മുന്‍നിര ഇന്ത്യന്‍ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ക്ക് കാലതാസമുണ്ടാക്കും. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കു മുന്നില്‍ വ്യോമാതിര്‍ത്തി അടച്ചിടാനുള്ള പാക്കിസ്ഥാന്‍ തീരുമാനം മിഡില്‍ ഈസ്റ്റ്, ഉത്തര അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് കാലതാമസമുണ്ടാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൂടുതല്‍ ദീര്‍ഘമായ ബദല്‍ റൂട്ട് തെരഞ്ഞെടുക്കുമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ഞങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഇക്കാരണത്താൽ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുന്നതായും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
വിപണി വിഹിതം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോയും സമാനമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. കശ്മീരിലെ പഹല്‍ഗാമില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന ടൂറിസ്റ്റുകള്‍ക്കു നേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കു മുന്നില്‍ പാക്കിസ്ഥാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചത്. പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി അടച്ചുപൂട്ടല്‍ പ്രഖ്യാപനം ഞങ്ങളുടെ ചില അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. ഇത് ഉണ്ടാക്കിയേക്കാവുന്ന അസൗകര്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്താന്‍ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങളുടെ ടീമുകള്‍ പരമാവധി ശ്രമിക്കുന്നു – ഇന്‍ഡിഗോ പ്രസ്താനയില്‍ പറഞ്ഞു.
ഏറ്റവും പുതിയ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ യാത്രക്കാരോട് ഇന്‍ഡിഗോ ആവശ്യപ്പെട്ടു. യാത്രകള്‍ റദ്ദാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യാത്രക്കാര്‍ക്ക് റീബുക്കിംഗ് ഓപ്ഷനുകളും റീഫണ്ട് ക്ലെയിമുകളും ഇന്‍ഡിഗോ വാഗ്ദാനം ചെയ്തു. നിങ്ങളുടെ ക്ഷമയെയും മനസ്സിലാക്കലിനെയും ഞങ്ങള്‍ വളരെയധികം വിലമതിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഞങ്ങളുടെ സഹപൗരന്മാരെ പിന്തുണക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് – ഇന്‍ഡിഗോ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 2019 ല്‍ ഏകദേശം അഞ്ച് മാസത്തോളം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സമാനമായ സാഹചര്യം നേരിട്ടിരുന്നു.