റിയാദ്- പ്രാർത്ഥനകൾ വിഫലമായി. റിയാദിൽ വെള്ളടാങ്കിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുള്ള ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിനിയാണ് മരിച്ചത്. തമിഴ്നാട് സ്വദേശികളുടെ മകളാണ്. ക്ലാസ് കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് സ്കൂളിന് പുറത്തുള്ള ടാങ്കിലേക്ക് വീണത്. കുഴിയിലേക്ക് ആണ്ടുപോയ കുട്ടിയെ പാക്കിസ്ഥാനിലെ ലാഹോറിൽനിന്നുള്ള അബ്ദുൽ റഹ്മാനാണ് പുറത്തെടുത്തത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ വീട് സ്കൂളിന്റെ മുൻവശത്താണ്. ഉമ്മയുടെ കയ്യിൽനിന്ന് കുതറിയോടിയ കുഞ്ഞ് ടാങ്കിന്റെ അടപ്പിൽ ചവിട്ടി താഴെ കുഴിയിലേക്ക് വീഴുകയായിരുന്നു. ഉമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പാക് പൗരൻ അബ്ദുൽ റഹ്മാനാണ് കുഞ്ഞിനെ പുറത്തെടുക്കാൻ കുഴിയിൽ ഇറങ്ങിയത്. കുഞ്ഞിനെ പുറത്തെത്തിച്ച ഉടൻ ഇയാൾ കുഴഞ്ഞുവീണു. പിന്നീട് ഏറെ സാഹസപ്പെട്ടാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഇരുവരയും ഉടൻ റെഡ് ക്രസന്റ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും സമയം മുമ്പാണ് കുട്ടി മരിച്ചത്.