റിയാദ്- റിയാദിലെ സ്കൂളിന് സമീപത്തുള്ള വെള്ള ടാങ്കിൽ വീണ് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. വിദ്യാർഥിനിയെ രക്ഷിക്കാൻ ടാങ്കിലേക്ക് ഊളിയിട്ടിറങ്ങിയ പാക് പൗരനും അവശനിലയിൽ ആശുപത്രിയിലായി. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ നാലു വയസുള്ള കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയോടെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഗേൾസ് സെക്ഷനിൽനിന്ന് ക്ലാസ് കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് വിദ്യാർഥിനി ടാങ്കിൽ വീണത്.
തുടക്കത്തിൽ കുട്ടി വീണത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തുടർന്നാണ് പാകിസ്താനിലെ ലാഹോറിൽ നിന്നുള്ള അബ്ദുൽ റഹ്മാൻ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി ടാങ്കിലേക്ക് ഇറങ്ങിയത്. കുട്ടിയെ പുറത്തെത്തിച്ച് ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. കുട്ടിയെ പുറത്തെത്തിച്ചപ്പോഴേക്കും അബ്ദുറഹ്മാനും അവശനായിരുന്നു. അബ്ദുറഹ്മാനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.