ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ക്ക് മറുപടിയുമായി പാക്കിസ്ഥാനും രംഗത്ത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാനു മുകളിലൂടെ പറക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുവദിച്ച എല്ലാ സാര്‍ക്ക് വിസകളും റദ്ദാക്കുകയും വാഗ അതിര്‍ത്തി അടക്കുകയും ചെയ്തു. വ്യാപാര പാതകളും അടച്ചു. വ്യാപാര ഇടപാടുകളും നിര്‍ത്തിവച്ചു. അതേസമയം സിഖ് തീര്‍ത്ഥാടകരുടെ വിസ റദ്ദാക്കില്ല. സിന്ധു നദീജല കറാര്‍ റദ്ദാക്കുകയും പാക് പൗരന്മാരുടെ വിസ റദ്ദാക്കുകയും അതിര്‍ത്തികള്‍ അടക്കുകുയും ചെയ്ത ഇന്ത്യയുടെ നടപടിക്ക് മറുപടി ആയാണ് ഈ നീക്കം.
ഇന്ത്യയുടെ നടപടി ഏകപക്ഷീയവും നിയമ സാധുത ഇല്ലാത്തതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പറഞ്ഞു. ശരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷ സമിതി സ്ഥിതിഗതികള്‍ വിലയിരുത്തി. തീരുമാനങ്ങളെല്ലാം ഉടനടി നടപ്പിലാക്കും. ഇന്ത്യക്കാരെല്ലാം ഏപ്രില്‍ 30നകം തിരിച്ചു പോകണം. സാര്‍ക്ക് രാജ്യങ്ങള്‍ക്കുള്ള വിസ ഇളവ് പദ്ധതി പ്രകാരം ഇന്ത്യക്കാര്‍ക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കി. സാര്‍ക്ക് വിസയില്‍ ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള ഇന്ത്യക്കാര്‍ 48 മണിക്കൂറിനകം തിരിച്ചു പോകണമെന്ന മുന്നറിയിപ്പുമുണ്ട്.
ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും നിര്‍ത്തിവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിനു പുറമെ മൂന്നാം രാജ്യങ്ങള്‍ മുഖേനയുള്ള ഇടപാടുകളും നിര്‍ത്തിവച്ചു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലുള്ള ഇന്ത്യയുടെ പ്രതിരോധ, നാവിക, വ്യോമ സേന ഉപദേശകരുടെ പദവികളും അസാധുവാക്കി. ഏപ്രില്‍ 30നം രാജ്യം വിടണമെന്നും മുന്നറിയിപ്പു നല്‍കി. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരുടെ എണ്ണം 30 ആക്കി പരിമിതപ്പെടുത്തി.