റിയാദ്: അലിഫ് ഇന്റർനാഷണൽ സ്കൂൾ ഇൻസ്പയർ’25, പ്രതിഭാ സംഗമം നടത്തി. 2024-25 അധ്യയന വർഷത്തെ എൽ കെ ജി മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള ഗ്രേഡുകളിൽനിന്ന് ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ 169 വിദ്യാർത്ഥികളെയാണ് പ്രതിഭാ സംഗമത്തിൽ അലിഫ് മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും ചേർന്ന് ആദരിച്ചത്. ആദ്യ ദിനം റിയാദിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൾ സംഗീതാ അനൂപ് മുഖ്യാതിഥിയായി. രണ്ടാം ദിനം പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ഡോക്ടർ സയ്യിദ് അൻവർ ഖുർഷിദ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ മികവാർന്ന പ്രകടനം നടത്തി ഉയർന്ന മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ പ്രതിഭകളെയും ഇരുവരും അഭിനന്ദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്മാൻ അഹമദ് അധ്യക്ഷത വഹിച്ചു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ വിജയികൾ വ്യക്തിഗത സർട്ടിഫിക്കറ്റും മെമന്റോയും ഏറ്റുവാങ്ങി.
വിജയികൾക്കുള്ള മെമെന്റോയുടേയും അംഗീകാരപത്രത്തിന്റെയും വിതരണത്തിന് മുഖ്യാതിഥികളായ സംഗീത അനൂപ്, ഡോ: സയ്യിദ് അൻവർ ഖുർഷിദ്, അലിഫ് ഗ്രൂപ്പ് സ്കൂൾ സിഇഒ ലുഖ്മാൻ അഹമദ്, പ്രിൻസിപ്പൾ മുഹമ്മദ് മുസ്തഫ, ബോയ്സ് വിഭാഗം മാനേജർ മുഹമ്മദ് അൽ ഖഹ്താനി, ഗേൾസ് വിഭാഗം മാനേജർ മുനീറ അൽ സഹ് ലി, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് നന്ദി പറഞ്ഞു.