ന്യൂഡല്‍ഹി– ബില്ലുകള്‍ പാസാക്കുന്നതില്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി കേരളത്തിനും ബാധകമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ സമയപരിധി വിധി ബാധകമല്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറിയിച്ചു.
തമിഴ്‌നാട് ഗവര്‍ണറുടെ കേസില്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് സുപ്രീംകോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിന്യായത്തില്‍ കേരളത്തിന്റെ കേസ് ഉള്‍പ്പെടില്ല. കേരളത്തിന്റെ കേസില്‍ ചില വസ്തുതാപരമായ വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ വിധി ബാധകമാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. തുടര്‍ന്ന് കേരളത്തിന്റെ കേസിന് ബാധകമാകുമോയെന്ന് പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് പി.എസ് നരസിംഹ, ജോയ് മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേരളസര്‍ക്കാറും എം.എല്‍.എ ടി.പി രാമകൃഷ്ണനും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചത്.ഹര്‍ജികള്‍ അടുത്തമാസം ആറിന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.