ജിദ്ദ: സൗദി അറേബ്യയും പാക്കിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി സൗദി പൗരന്മാർക്ക് ഇനി മുതൽ നിയന്ത്രണങ്ങളില്ലാതെ പാകിസ്താനിലേക്ക് പ്രവേശിക്കാമെന്ന് പാക് ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്വി അറിയിച്ചു. ഇസ്‌ലാമാബാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ മുഹ്‌സിൻ നഖ്‌വിയും സൗദി അംബാസഡർ നവാഫ് ബിൻ സഈദ് അൽമാലികിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് സൗദി പൗരന്മാർക്ക് പാക്കിസ്താനിൽ പ്രവേശിക്കാൻ ഇനി മുതൽ വിസ ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചത്.
ഇതുപ്രകാരം വിനോദ സഞ്ചാര ലക്ഷ്യങ്ങളോടെ സൗദി പൗരന്മാർക്ക് 90 ദിവസം വരെ പാകിസ്താനിൽ വിസയില്ലാതെ തങ്ങാനാവും. നയതന്ത്ര ബന്ധങ്ങൾ, യാത്രാ നയങ്ങൾ, നിയമ നിർവഹണ സഹകരണം എന്നിവ അടക്കമുള്ള കാര്യങ്ങളിൽ കൂടിക്കാഴ്ചക്കിടെ സൗദി അംബാസഡറും പാക് ആഭ്യന്തര മന്ത്രിയും വിശദമായ ചർച്ചകൾ നടത്തി.
പാകിസ്താന് സൗദി അറേബ്യ നൽകുന്ന തുടർച്ചയായ പിന്തുണക്ക് നഖ്‌വി നന്ദി പറഞ്ഞു. പാസ്‌പോർട്ട് ഇഷ്യു ചെയ്യുന്നതുമായും നാഷണൽ ഡോക്യുമെന്റേഷൻ മാനദണ്ഡങ്ങളുമായും ബന്ധപ്പെട്ട പുതിയ കാര്യങ്ങൾ ആഭ്യന്തര മന്ത്രി വിശദീകരിച്ചു. പുതിയ പ്രോട്ടോക്കോളുകൾ രേഖകളുടെ സുരക്ഷ മെച്ചപ്പെടുത്താനും അവയുടെ ദുരുപയോഗം തടയാനും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. രാജ്യത്തുടനീളം പ്രൊഫഷണൽ ഭിക്ഷാടന ശൃംഖലകൾക്കെതിരായ കർശന നടപടി ഉൾപ്പെടെ, തെരുവ് കുറ്റകൃത്യങ്ങൾ തടയാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും സൗദി അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ആഭ്യന്തര മന്ത്രി വിശദീകരിച്ചു.
സുരക്ഷാ മേഖലയിൽ സൗദി അറേബ്യയുമായുള്ള സഹകരണം ശക്തമാക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നു. ഭിക്ഷാടന സംഘങ്ങളുടെ പ്രവർത്തനങ്ങൾ തടയാനും അനധികൃത കുടിയേറ്റം തടയാനും ലക്ഷ്യമിട്ട് പാസ്‌പോർട്ടുകൾക്ക് പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിക്കാൻ പോവുകയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.