തെൽഅവീവ്: ഇസ്രായിലി ബന്ദികളെ തിരികെ എത്തിക്കാനും ഇസ്രായിലിന്റെ സുരക്ഷ ഉറപ്പാക്കാനുമുള്ള ഏക മാർഗം ഗാസ പൂർണമായും പിടിച്ചടക്കലാണെന്ന് ഇസ്രായിൽ തീവ്രവലതുപക്ഷ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച് പറഞ്ഞു. ഹമാസിന്റെ ആവശ്യങ്ങൾക്ക് കീഴടങ്ങാതെ തന്നെ ബന്ദികളെ മോചിപ്പിക്കാൻ കഴിയുമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഗാസ പൂർണമായും പിടിച്ചടക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടത്.
വെടിനിർത്തൽ കരാറിനുള്ള ഇസ്രായിലിന്റെ നിർദേശം ഹമാസ് നിരസിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിനിടെ ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായിൽ സൈന്യം അറിയിച്ചു. മാർച്ച് 18ന് ഹമാസുമായുള്ള വെടിനിർത്തൽ കരാർ തകർന്നതിനും ആക്രമണങ്ങൾ പുനരാരംഭിച്ചതിനും ശേഷം ഒരു ഇസ്രായിലി സൈനികൻ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. വടക്കൻ ഗാസയിൽ നടന്ന ഏറ്റുമുട്ടലിനിടെ ഫസ്റ്റ് സർജന്റ് ഗാലിബ് സുലൈമാൻ അൽനസാസിറ (35) ആണ് കൊല്ലപ്പെട്ടത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് സൈനികർക്ക് ഇതേ ഏറ്റുമുട്ടലിൽ പരിക്കേറ്റതായും സൈന്യം അറിയിച്ചു.
2023 ഒക്‌ടോബർ 27ന് ഗാസയിൽ ഇസ്രായിൽ സൈന്യം കരയാക്രമണം ആരംഭിച്ച ശേഷം ഗാസ യുദ്ധത്തിൽ 412 ഇസ്രായിലി സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.