ജയ്പൂർ: ആദ്യപന്തിൽ തന്നെ സിക്‌സർ! ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന അരങ്ങേറ്റം ആർഭാടമാക്കി രാജസ്ഥാൻ റോയൽസിന്റെ 14 വയസ്സുകാരൻ താരം വൈഭവ് സൂര്യവൻശി. ലഖ്‌നൗ സൂപ്പർജയന്റ്‌സിനെതിരെ ഇംപാക്ട് സബ് ആയി കളത്തിലിറങ്ങിയ കൗമാരക്കാരൻ ഐ.പി.എൽ കളിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരൻ എന്നതടക്കം ഒരുപിടി റെക്കോർഡുകളാണ് ഒറ്റയടിക്ക് സ്വന്തം പേരിലാക്കിയത്. നേരിട്ട ആദ്യപന്തിൽ പരിചയസമ്പന്നനായ ശ്രാദുൽ ഠാക്കൂറിനെ എക്‌സ്ട്രാ കവറിനു മുകളിലൂടെ സിക്‌സറിനു പറത്തിയ താരം, 20 പന്തിൽ 34 റൺസുമായി രാജസ്ഥാന് മികച്ച തുടക്കം നൽകിയ ശേഷമാണ് പുറത്തായത്. രാജസ്ഥാൻ റോയൽസിനു മാത്രമല്ല ഇന്ത്യൻ ടീമിനു തന്നെയും താനൊരു മുതൽക്കൂട്ടാകുമെന്ന സ്‌റ്റേറ്റ്‌മെന്റാണ് കൗമാരതാരം ജയ്പൂരിൽ നടത്തിയത്.
മൂന്നാഴ്ച മുമ്പുമാത്രം 14-ാം ജന്മദിനം ആഘോഷിച്ച വൈഭവ്, ഐ.പി.എല്ലിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരം (14 വയസ്സ്, 23 ദിവസം), ഐ.പി.എൽ സിക്‌സർ നേടുന്ന പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകൾ ആദ്യപന്തിൽ തന്നെ സ്വന്തമാക്കി. അരങ്ങേറ്റത്തിലെ ആദ്യപന്ത് ആകാശംവഴി അതിർത്തി കടത്തിയവരുടെ ലിസ്റ്റിലും പ്രായം കുറഞ്ഞ താരമായി വൈഭവ് ഇടംനേടി.
സീസണിലേക്കുള്ള താരലേലം നടക്കുമ്പോൾ 13 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സൂര്യവൻശി, പരിക്കേറ്റ ക്യാപ്ടൻ സഞ്ജു സാംസണിനു പകരമായാണ് പ്ലെയിങ് ലിസ്റ്റിൽ ഇടംപിടിച്ചത്. രാജസ്ഥാൻ പന്തെറിയുമ്പോൾ ഡഗ്ഔട്ടിൽ ഇരുന്ന് കളികണ്ട താരം, ബൗളർ സന്ദീപ് ശർമയ്ക്കു പകരമായാണ് ബാറ്റിങ് ടീമിൽ വന്നത്. ലഖ്‌നൗ മുന്നോട്ടുവച്ച 181 എന്ന വിജയലക്ഷ്യം മറികടക്കാൻ രാജസ്ഥാന് ഒരു മികച്ച തുടക്കം ആവശ്യമായിരുന്നു.
ആദ്യപന്തിൽ ശ്രാദുൽ ഠാക്കൂറിനെ സിക്‌സറടിച്ച വൈഭവ് അടുത്ത പന്തിലും സ്‌ട്രോക്ക്‌പ്ലേ കളിച്ചെങ്കിലും സിംഗിളേ നേടാനായുള്ളൂ. അടുത്ത ഓവറിലെ ആദ്യപന്തിൽ ആവേശ് ഖാനെയും സിക്‌സറിനു പറത്തി താരം ഗാലറിയെ കൈയിലെടുത്തു. ആവേശ് ഖാന്റെ പന്തിൽ വൈഭവ് നൽകിയ ദുഷ്‌കരമായ ഒരു ക്യാച്ചിങ് അവസരം ലഖ്‌നൗ നഷ്ടപ്പെടുത്തുകയും ചെയ്തു. വൈഭവിന്റെ വെടിക്കെട്ടിൽ പ്രചോദനമുൾക്കൊണ്ട് ജശസ്വി ജയ്‌സ്വാളും ആളിക്കത്തിയതോടെ പവർപ്ലേ ഓവറുകളിൽ വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസാണ് രാജസ്ഥാൻ വാരിക്കൂട്ടിയത്. എട്ട് ഓവർ പിന്നിടുമ്പോൾ ഇത് 82 ആയി.
എയ്ഡൻ മാർക്രം എറിഞ്ഞ ഒൻപതാം ഓവറിൽ ഋഷഭ് പന്ത് സ്റ്റംപ് ചെയ്ത് സൂര്യവംശി പുറത്താകുമ്പോൾ ആ ബാറ്റിൽ നിന്ന് രണ്ട് ഫോറും മൂന്ന് കൂറ്റൻ സിക്‌സറും പിറന്നിരുന്നു. തെല്ലു വിഷമത്തോടെ ഡഗ് ഔട്ടിലേക്ക് തിരിച്ചുനടന്ന താരത്തെ ഹർഷാരവത്തോടെയാണ് ജയ്പൂരിലെ ഗാലറി വരവേറ്റത്.