ന്യൂഡല്‍ഹി: ഇന്ത്യക്കാർക്കുള്ള 52000 സ്വകാര്യ ഹജ്ജ് സീറ്റുകള്‍ റദ്ദാക്കിയതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സൗദി അധികാരികളുമായി ചര്‍ച്ച ചെയ്ത് ഈ വിഷയത്തില്‍ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
ജനുവരിയില്‍ ഇന്ത്യ സൗദി അറേബ്യയുമായി ഒപ്പുവെച്ച ഉഭയകക്ഷി കരാർ പ്രകാരം ഈ വര്‍ഷം 1,75025 സീറ്റുകളാണ് അനുവദിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റികളും സ്വകാര്യ ഹജ്ജ് ഓപ്പറേറ്റര്‍മാരും 70:30 അനുപതത്തില്‍ ഈ സീറ്റുകള്‍ വിഭജിച്ചു. ഇതനുസരിച്ച് 1,22,517 സീറ്റുകള്‍ സംസ്ഥാന കമ്മിറ്റികള്‍ക്കായും 52,507 സീറ്റുകള്‍ സ്വകാര്യ ഹജ്ജ് കമ്പനികള്‍ക്കായും നീക്കിവെച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഈ സ്വകാര്യ ക്വാട്ട റദ്ദാക്കപ്പെടുകയായിരുന്നു.