ന്യൂഡല്‍ഹി: ഭാഷ ഒരു മതം അല്ലെന്നും ഉര്‍ദുവിനെ മുസ്ലിംകളുടെ ഭാഷയായി പരിഗണിക്കുന്നത് യാഥാര്‍ത്ഥ്യവുമായി യോജിക്കുന്നതല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മഹരാഷ്ട്രയിലെ പാതുര്‍ മുനിസിപ്പാലിറ്റി ഉര്‍ദു ഭാഷയില്‍ പേരെഴുതിയ ബോര്‍ഡുകള്‍ വെക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഉറുദുവിനെ മുസ്ലീംകളുടെ ഭാഷയായി കണക്കാക്കുന്നത് യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ദയനീയമായ വ്യതിചലനമാണ്. ഭാഷ ഒരു മതത്തേയും പ്രതിനിധീകരിക്കുന്നില്ല. ഭാഷ ജനസമൂഹവുമായോ പ്രദേശവുമായോ ആണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും മതവുമായല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭാഷ സംസ്‌കാരമാണ്. ഒരു സമുദായത്തിന്റേയും അതിലെ ജനങ്ങളുടേയും നാഗരിക മുന്നേറ്റത്തെ അളക്കുന്നതിനുള്ള അളവുകോലാണ് ഭാഷ. ഗംഗ-യമുന സംസ്‌കാരത്തിന്റെ അല്ലെങ്കില്‍ ഹിന്ദുസ്ഥാനി സംസ്‌കാരത്തിന്റെ ഉദാത്ത മാതൃകയായ ഉര്‍ദു ഭാഷയുടെ കാര്യവും അതു തന്നെയാണ്. വടക്കേ ഇന്ത്യയുടേയും മധ്യ ഇന്ത്യയുടേയും സാംസ്‌കാരിക മൂല്യങ്ങളുടെ ലയിച്ചുചേര്‍ന്ന ഭാഷയാണിത്. പഠനത്തിനുള്ള ഒരു ഉപകരണമായി മാറുന്നതിന് മുമ്പ് ആദ്യ കാലത്ത് ഭാഷയുടെ പ്രാഥമിക ഉദ്ദേശം ആശയവിനിമയ ഉപാധി എന്നതു മാത്രമായിരുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
പാതുര്‍ മുനിസപ്പല്‍ മുന്‍ കൗണ്‍സിലര്‍ ആയിരുന്ന വര്‍ഷതയ് സഞ്ജയ് ബഗഡെ ആണ് ഉര്‍ദു വിലക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഈ ആവശ്യം മുനിസിപ്പാലിറ്റി തള്ളിയിരുന്നു. തുടര്‍ന്ന് ഇവര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. ഇപ്പോള്‍ സുപ്രീം കോടതിയും ഇവരുടെ ആവശ്യം തള്ളി. പ്രദേശവാസികള്‍ക്ക് മനസ്സിലാകുന്ന ഭാഷയാണ് എന്നത് കൊണ്ടാണ് മുനിസിപ്പാലിറ്റി ഉര്‍ദുവിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പ്രദേശത്തെ ജനങ്ങള്‍ ഉര്‍ദു ഉപയോഗിക്കുന്നവരാണെങ്കില്‍ ഔദ്യോഗിക ഭാഷയ്‌ക്കൊപ്പം ഉര്‍ദുവിലും ബോഡുകള്‍ സ്ഥാപിക്കുന്നതിന് എതിര്‍പ്പ് ഉണ്ടാകാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ഉര്‍ദുവിനെതിരായ മുന്‍വിധി വരുന്നത് ഉര്‍ദു ഇന്ത്യക്ക് അന്യമായ ഒരു ഭാഷയാണ് എന്ന തെറ്റിദ്ധാരണയില്‍ നിന്നാണെന്നും കോടതി നിരീക്ഷിച്ചു. ഉര്‍ദുവിന്റെ കാര്യത്തില്‍ ഈ അഭിപ്രായം തീര്‍ത്തും തെറ്റാണ്. മറാഠി, ഹിന്ദി ഭാഷകളെ പോലെ ഉര്‍ദുവും ഒരു ഇന്തോ-ആര്യന്‍ ഭാഷയാണ്. ഈ ഭാഷ ജനിച്ച ഭൂമിയാണിത്. ഉര്‍ദു വളര്‍ന്നതും വികസിച്ചതും ഇന്ത്യയിലാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈ ഭാഷ വലിയ സ്ഥാനത്തെത്തുകയും നിരവധി പേരെടുത്ത കവികളുടെ ഇഷ്ടഭാഷയാകുകയും ചെയ്‌തെന്നും കോടതി ചൂണ്ടിക്കാട്ടി.
വലിയ ജനസമൂഹം ഉപയോഗിക്കുന്ന ഭാഷ പോലും ഉര്‍ദു ഇല്ലാതെ പൂര്‍ണമാകില്ല. ഉര്‍ദു വാക്കുകള്‍ ഉപയോഗിക്കാതെ ഹിന്ദിയില്‍ ഒരു ദൈനംദിന സംഭാഷണം പോലും ശരിയാകില്ലെന്ന് പറഞ്ഞാല്‍ അത് തെറ്റാകില്ല. ഹിന്ദി എന്ന വാക്ക് പോലും ഹിന്ദവി എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്ന് വന്നതാണ്. ഇരുഭാഗത്തമുള്ള ശുദ്ധഗതി വാദക്കാരാണ് ഹി്ന്ദി-ഉര്‍ദു സങ്കലനത്തിന് തടസ്സമായത്. ഹിന്ദിയെ ഹിന്ദുക്കളുടെ ഭാഷയായും ഉര്‍ദുവിനെ മുസിംകളുടെ ഭാഷയായും കാണരുത്. അത് യാഥാര്‍ത്ഥ്യത്തില്‍ നിന്നും നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ നിന്നും സാര്‍വലൗകിക സാഹോദര്യമെന്ന ആശയത്തില്‍ നിന്നുമുള്ള ദയനീയ വ്യതിചലനമാണെന്നും കോടതി പറഞ്ഞു.