ഗാസ: ഇസ്രായിൽ അമേരിക്കൻ വംശജനായ സൈനികൻ ഇഡാൻ അലക്‌സാണ്ടറെ തടവിലാക്കിയ ഗ്രൂപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഹമാസിന്റെ സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂഉബൈദ അറിയിച്ചു. പോരാളികൾ കഴിഞ്ഞിരുന്ന സ്ഥലത്തിനു നേരെ ഇസ്രായിൽ ബോംബാക്രമണം നടത്തിയതിനെ തുടർന്നാണ് അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.
അവരുമായി ബന്ധപ്പെടാൻ ഹമാസ് ഇപ്പോഴും ശ്രമിക്കുന്നുണ്ട്.
ഫലസ്തീനികൾക്കെതിരായ ഉന്മൂലന യുദ്ധം തുടരുക എന്ന ലക്ഷ്യത്തോടെ, ഇരട്ട പൗരത്വമുള്ള ബന്ദികളുമായി ബന്ധപ്പെട്ട സമ്മർദം ഒഴിവാക്കാൻ ഇസ്രായിൽ സൈന്യം മനഃപൂർവ്വം ശ്രമിക്കുകയാണെന്നാണ് കരുതുന്നതെന്ന് അൽഖസ്സാം ബ്രിഗേഡ്‌സ് വക്താവ് ടെലിഗ്രാം ചാനലിലൂടെ പറഞ്ഞു.
അമേരിക്കൻ പൗരത്വമുള്ള ഇസ്രായിലി സൈനികൻ ഇഡാൻ അലക്‌സാണ്ടറിന്റെ വീഡിയോ ക്ലിപ്പ് അൽഖസ്സാം ബ്രിഗേഡ്‌സ് കഴിഞ്ഞ ശനിയാഴ്ച പുറത്തുവിട്ടിരുന്നു. തന്റെ മോചനത്തെ കുറിച്ച് ഇസ്രായിൽ സർക്കാരും അമേരിക്കൻ ഭരണകൂടവും തന്നോട് കള്ളം പറഞ്ഞുവെന്ന് വീഡിയോയിൽ ഇഡാൻ അലക്‌സാണ്ടർ പറയുന്നു. എല്ലാവരും എന്നോട് കള്ളം പറഞ്ഞു, എന്റെ ആളുകൾ, ഇസ്രായിൽ സർക്കാർ, അമേരിക്കൻ ഭരണകൂടം, സൈന്യം, എല്ലാവരും… സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങുമെന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു-വീഡിയോയിൽ സൈനികൻ പറഞ്ഞു.
അമ്പത് ദിവസമോ അതിൽ കൂടുതലോ കാലത്തേക്ക് വെടിനിർത്തലിനുള്ള പ്രാരംഭ ചട്ടക്കൂട് പ്രഖ്യാപിക്കുന്നതിനും യുദ്ധം പൂർണമായും അവസാനിപ്പിക്കുന്ന രണ്ടാം ഘട്ടം ഉണ്ടാകുമെന്ന് ഉറപ്പുനൽകുന്നതിനും പകരമായി, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തോടുള്ള പ്രത്യേക സൂചനയായി ഇസ്രായിൽ സൈനികൻ ഇഡാൻ അലക്‌സാണ്ടറിനെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് കയ്‌റോയിൽ നടന്ന യോഗത്തിൽ മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് വൃത്തങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
വെടിനിർത്തൽ സംബന്ധിച്ച ഇസ്രായിലിന്റെ പുതിയ നിർദേശത്തോടുള്ള പ്രതികരണം അടുത്ത 48 മണിക്കൂറിനുള്ളിൽ ഈജിപ്തിലെയും ഖത്തറിലെയും മധ്യസ്ഥർക്ക് കൈമാറുമെന്ന് ഹമാസ് നേതാവ് ചൊവ്വാഴ്ച പറഞ്ഞു.
ഞായറാഴ്ച കയ്‌റോയിൽ നടന്ന യോഗത്തിൽ ഹമാസിന് മധ്യസ്ഥർ വഴി ലഭിച്ച ഇസ്രായിലി നിർദേശത്തിൽ ആദ്യ ആഴ്ചയിൽ ജീവിച്ചിരിക്കുന്ന ഇസ്രായിലി ബന്ദികളിൽ പകുതി പേരെ മോചിപ്പിക്കണമെന്ന ആവശ്യം അടങ്ങിയിരിക്കുന്നു. സദ്ഭാവ നടപടി എന്ന നിലയിൽ ബന്ദിയായ ഇഡാൻ അലക്‌സാണ്ടറെ ആദ്യ ദിവസം തന്നെ ഹമാസ് മോചിപ്പിക്കണമെന്ന് നിർദേശം വ്യവസ്ഥ ചെയ്യുന്നു. രണ്ടാം ദിവസം, ജീവിച്ചിരിക്കുന്ന അഞ്ചു ബന്ദികളെ മോചിപ്പിക്കണം. ഇതിനു പകരമായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന 66 ഫലസ്തീൻ തടവുകാരെയും 2023 ഒക്‌ടോബർ ഏഴിനു ശേഷം അറസ്റ്റിലായ 611 പേരെയും ഇസ്രായിൽ മോചിപ്പിക്കും. താൽക്കാലിക മൊബൈൽ ഹോമുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ ഗാസയിൽ പ്രവേശിപ്പിക്കാൻ ഇസ്രായിൽ വീണ്ടും അനുവദിക്കുമെന്നതും നിർദേശത്തിൽ ഉൾപ്പെടുന്നു.