ദോഹ: ഈജിപ്തിൽ ഖത്തർ 750 കോടി ഡോളറിന്റെ നേരിട്ടുള്ള നിക്ഷേപം നടത്തുന്നു. ഇതിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഈജിപ്ഷ്യൻ പ്രസിഡൻസി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി നടത്തിയ ഖത്തർ സന്ദർശനത്തിനിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഈജിപ്തിൽ ഭീമമായ നിക്ഷേപം നടത്താൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.
ഈജിപ്തിന്റെ സവിശേഷമായ തന്ത്രപരമായ സ്ഥാനം, മത്സരാധിഷ്ഠിതമായ വേതനത്തോടെയുള്ള തൊഴിലാളികൾ, അനുകൂലമായ ഊർജ നിരക്കുകൾ, അറബ്, ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ, നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നിയമനിർമാണ ചട്ടക്കൂട് എന്നിവ കണക്കിലെടുക്കുമ്പോൾ നിക്ഷേപകർക്ക് മികച്ച അവസരം ഈജിപ്ത് നൽകുന്നതായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി പറഞ്ഞു.