തിരുവനന്തപുരം- പാർലമെന്റിന്റെ ഇരുസഭകളിലും വഖഫ് ഭേദഗതി നിയമം പാസായപ്പോൾ ഇന്ത്യയിൽ ഒരിടത്ത് മാത്രമാണ് അതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനവും പടക്കം പൊട്ടിക്കലും നടന്നത്. അത് മുനമ്പത്തായിരുന്നു. വഖഫ് നിയമം പാസായതോടെ മുനമ്പം പ്രശ്നവും പരിഹരിക്കപ്പെടുമെന്ന ധാരണയിലായിരുന്നു ആ ആഘോഷങ്ങളെല്ലാം. പാതിരാത്രി വരെ നീണ്ട പാർലമെന്റ് ചർച്ച ശ്രദ്ധയോടെ വീക്ഷിച്ച മുനമ്പം നിവാസികൾ ഭേദഗതി പാസായതോടെ തങ്ങളുടെ പ്രശ്നങ്ങളെല്ലാം തീർന്നുവെന്ന ചിന്തയിലാണ് പടക്കത്തിന് തിരികൊളുത്തിയത്.
എന്നാൽ ബി.ജെ.പി പറയുന്നത് പച്ചക്കള്ളമാണെന്നും മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനുള്ള വഴികളൊന്നും ഈ നിയമത്തിൽ ഇല്ലെന്നും കോൺഗ്രസും സി.പി.എമ്മും മുസ്ലിം ലീഗും അടക്കമുള്ള കക്ഷികളെല്ലാം ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ബി.ജെ.പിയെ വിശ്വസിക്കുകയായിരുന്നു മുനമ്പത്തെ സമരക്കാർ. വഖഫ് ചർച്ചയിൽ ഉടനീളം മുനമ്പം, മുനമ്പം എന്ന് നിരവധി തവണ കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു. എന്നാൽ ഇന്ന് മുനമ്പത്ത് എത്തിയ കിരൺ റിജിജു സമരക്കാരുടെ പന്തലിന് തന്നെ നിരാശയുടെ പടക്കം പൊട്ടിച്ചാണ് മടങ്ങിയത്. മുനമ്പം പ്രശ്നം പരിഹരിക്കാനുള്ള ഒന്നും വഖഫ് നിയമത്തിൽ ഇല്ല എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. മന്ത്രിയുടെ വാക്കുകൾ ഞെട്ടിച്ചുവെന്നും തങ്ങൾ ചതിക്കപ്പെട്ടുവെന്നും സമരസമിതി നേതാക്കൾ പറയുന്നു. മുനമ്പം പ്രശ്നം പരിഹരിക്കാൻ ഇനിയും കോടതികൾ കയറിയിറങ്ങേണ്ടി വരുമെന്നാണ് കിരൺ റിജിജുവിന്റെ വാക്കുകൾ തെളിയിക്കുന്നത്.
1995-ലെ വഖഫ് നിയമത്തിൽ നിന്ന് 40-ാം വകുപ്പ് എടുത്തുകളഞ്ഞതോടെ മുനമ്പം പ്രശ്നം തീരുമെന്ന് പാർലമെന്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ റിജിജു നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അത് തിരസ്കരിക്കുന്നതാണ് ഇന്നത്തെ വാക്കുകൾ. വഖഫ് ഭേദഗതി നിയമത്തിൽ കൂട്ടിച്ചേർത്ത 2 (എ) വകുപ്പ് കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന കത്തോലിക്കാ ബിഷപ്പുമാരുടെയും സഭാ പത്രത്തിന്റെയും അവകാശവാദവും മന്ത്രി അംഗീകരിച്ചിട്ടില്ല എന്നും ഇന്നത്തെ മന്ത്രിയുടെ വാർത്താ സമ്മേളനത്തോടെ വ്യക്തമായി.
ഇതുമായി ബന്ധപ്പെട്ട താര ടോജോ അലക്സ് എഴുതിയ കുറിപ്പ് വായിക്കാം.
“ഞങ്ങൾ ചതിക്കപ്പെട്ടിരിക്കുന്നു….” വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ “സാധിക്കില്ല” എന്ന കേന്ദ്രമന്ത്രി കിരൺ റിജ്ജുവിൻ്റെ പ്രസ്താവനയോട് മുനമ്പം സമരസമിതി നേതാവ് ജോസഫ് ബെന്നിയുടെ പ്രതികരണമാണ് മുകളിൽ. “ബിജെപി ചതിക്കും..ചതിച്ചിരിക്കും” എന്ന് നിങ്ങളോട് നിയമവും തെളിവും ചരിത്രവും നിരത്തി ഒരായിരം വട്ടം പറഞ്ഞു തന്നതല്ലേ…..എന്ന് ചോദിക്കാൻ വളരെ ആഗ്രഹം ഉണ്ടെങ്കിലും “മനസ്സ് തകർന്നിരിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ..”എന്ന ദൈവവചനം ഓർമ്മ വരുന്നത് കൊണ്ട് അത് അവിടെ വിടുന്നു. പക്ഷെ നിങ്ങൾ മനസ്സിലാക്കേണ്ടിയിരുന്ന ഒരു കാര്യം.
ജനിതകമായി തന്നെ DNA mutation സംഭവിച്ചവരാണ് സംഘികൾ. അവർക്ക് പരസ്പര സ്നേഹം… സഹോദര്യം.. ദയ.. ക്ഷമ…സമാധാനം.. സഹിഷ്ണുത.. സഹവർത്തിത്വം… അത്തരം അന്തരീക്ഷം അതിജീവിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്… പകരം, തീവ്രവാദം…വർഗീയവാദം…വിഘടനവാദം കോപം..അസൂയ… ശത്രുതാമനോഭാവം.. സ്പർദ്ധ… അത്തരം അന്തരീക്ഷത്തിൽ മാത്രമേ ഈ വർഗ്ഗത്തിന് നിലനിൽപ്പുള്ളൂ… അതിനായി അവർ കള്ളം പറയും…പൊള്ളയായ വാഗ്ദാനങ്ങൾ നൽകും…എരിതീയിൽ എണ്ണ കോരി ഒഴിക്കും… സഹോദരനെ സഹോദരന് എതിരായും മക്കളെ മാതാപിതാക്കൾക്കെതിരായും മനുഷ്യരെ മനുഷ്യർക്കെതിരായും തിരിക്കും. ഇസ്‌ലാം വിരോധം ഒന്നു കൊണ്ടു മാത്രം ഇവറ്റകളുടെ കൂടെ ചേർന്ന് കലിതുള്ളുന്ന മറ്റൊരു വകഭേദമാണ് ക്രിസംഘികൾ. കഴിയുമെങ്കിൽ അവരെ കാണുമ്പോൾ തന്നെ ഓടി മാറിക്കോ.. ബിജെപിയുടെ ഏറ് പടക്കങ്ങൾ മാത്രമാണ് അവർ.
ആവശ്യം കഴിയുമ്പോൾ ഇവറ്റകളെ സംഘികൾ തന്നെ കൈകാര്യം ചെയ്തുകൊള്ളും. സ്വാതന്ത്ര്യ സമരം മുതൽ, ഇന്ന് ഇതാ ഈ നിമിഷം വരെ ചതിയുടെയും വഞ്ചനയുടെയും ചരിത്രവും പൈതൃകവും മാത്രമാണ് സംഘപരിവാറിന് കൈമുതലായി ഉള്ളത്. അതിനിടയിൽ പെട്ടുപോകുന്നത് നിങ്ങളെപ്പോലുള്ള നിരപരാധികളാണ്..
നിങ്ങളുടെ ഭൂമിയുടെ റവന്യൂ അധികാരം സ്തംഭിപ്പിച്ചതും അത് തിരിച്ച് തരേണ്ടതും കേരള സർക്കാരാണ്.
അവരോട് നിങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുക. നീതി ലഭിക്കും വരെ എല്ലാ ജനാധിപത്യ വിശ്വാസികളും നിങ്ങളോടൊപ്പം തന്നെയുണ്ട്. നിയമ ഭേദഗതി വന്നു എന്ന് കെട്ട ഉടൻ തന്നെ ഓടി പോയി ബിജെപിയിൽ ചേർന്ന 50 പേരോട് സഹതാപം മാത്രം. നിങ്ങളെ ആശ്വസിപ്പിക്കാൻ സദൃശ്യവാക്യങ്ങൾ 1: 2-7 വരെയുള്ള വാക്യങ്ങൾ താഴെ കൊടുക്കുന്നു. ജ്ഞാനവും പ്രബോധനവും പ്രാപിക്കാനും വിവേകവചനങ്ങളെ ഗ്രഹിക്കാനും, പരിജ്ഞാനം, നീതി, ന്യായം, നേര് എന്നിവെക്കായി പ്രബോധനം ലഭിപ്പാക്കാനും. അല്പബുദ്ധികളക്ക് സൂക്ഷ്മബുദ്ധിയും, ബാലന് പരിജ്ഞാനവും വകതിരിവും നൽകുവാനും. ജ്ഞാനം കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിക്കാനും, ബുദ്ധിമാന്‍ സദുപദേശം സമ്പാദിക്കാനും
സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും ദൈവ വചനം ഉതകുന്നു.
“യഹോവാഭക്തി” ജ്ഞാനത്തിന്റെ ആരംഭമാകുന്നു.
ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
വി.ഡി സതീശൻ എഴുതിയത് വായിക്കാം
വഖഫ് ബിൽ പാസായാൽ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന ബി.ജെ.പിയുടെ വാദം ശരിയല്ലെന്ന് സമ്മതിക്കുന്നതാണ് കേന്ദ്ര മന്ത്രി കിരൺ റിജിജുവിൻ്റെ വാക്കുകൾ. യു.ഡി.എഫിൻ്റെ നിലപാടാണ് ശരിയെന്ന് വഖഫ് ഭേഗതി ബിൽ അവതരിപ്പിച്ച മന്ത്രിക്ക് പോലും അംഗീകരിക്കേണ്ടി വന്നു. മാത്രമല്ല മുമ്പത്തെ സംബന്ധിച്ച് ഒരിക്കലും അവസാനിക്കാത്ത നിയമ പോരാട്ടങ്ങൾക്ക് വാതിൽ തുറന്നിടുന്നതാണ് വഖഫ് ഭേദഗതി ബിൽ. എന്ത് പ്രതിസന്ധി ഉണ്ടായാലും മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് യു.ഡി.എഫിന് ഉറപ്പുണ്ട്. ഇപ്പോൾ പ്രശ്നപരിഹാരത്തിന് തടസമായി നിൽക്കുന്നത് സംസ്ഥാന സർക്കാരും സർക്കാരിന് കീഴിലുള്ള വഖഫ് ബോർഡുമാണ്. വഖഫ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിച്ചിരുന്ന മുനമ്പം നിവാസികളെ പാടെ നിരാശപ്പെടുത്തുന്നതാണ് സർക്കാർ നിലപാട് .
ട്രിബ്യൂണലിനെതിരെ വഖഫ് ബോർഡ് ഹൈക്കോടതിയിൽ പോയത് മുനമ്പം നിവാസികളോടുള്ള വഞ്ചനയാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്നാണ് ഭൂമി നൽകിയ സേട്ടിൻ്റെ കുടുംബവും ഭൂമി വാങ്ങിയ ഫറൂഖ് കോളേജും ട്രിബ്യൂണലിൽ വ്യക്തമാക്കിയത്. പ്രശ്ന പരിഹാര സാധ്യത തെളിഞ്ഞ് വന്നപ്പോഴാണ് സംസ്ഥാന സർക്കാർ തന്നെ അത് അട്ടിമറിച്ചത്.