തേഞ്ഞിപ്പലം- സ്വാശ്രയ കോളേജ് അധ്യാപക നിയമനത്തിന് യുജിസി മാനദണ്ഡങ്ങൾ കർശനമാക്കാനുള്ള സിൻഡിക്കേറ്റ് തിരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാശ്രയ കോളേജ് അധ്യാപക കൂട്ടായ്മ കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തി. വർഷങ്ങളായി സ്വാശ്രയ കോളേജുകളിൽ ജോലി ചെയ്യുന്ന പരിചയ സമ്പന്നരായ അധ്യാപകരെ പെരുവഴിയിലാക്കുന്ന സിൻഡിക്കേറ്റിൻ്റെ തലതിരിഞ്ഞ നടപടി പിൻവലിക്കണമെന്നും സർവകലാശാല സെനറ്റ്, അക്കാദമിക്ക് കൗൺസിൽ, സിൻഡിക്കേറ്റ് എന്നീ ബോഡികളിൽ സ്വാശ്രയ കോളേജ് അധ്യാപകർക്ക് അംഗത്വം വേണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
നല്ലൊരു ശതമാനം വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രതികൂലമായി ബാധിക്കുന്ന നിയമം പിൻവലിക്കണമെന്നും ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും മാർച്ചിൽ ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം മൂല്യനിർണയ ക്യാമ്പ് ബഹിഷ്‌കരിക്കുന്നതടക്കമുള്ള ശക്തമായ സമരങ്ങൾ ആരംഭിക്കുമെന്നും അറിയിച്ചു. മാർച്ച് പി അബ്ദുൾ ഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു.
യൂണിവേഴ്സി സിൻഡിക്കേറ്റിൻ്റെ തെറ്റായ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും, നീതിക്ക് വേണ്ടി സ്വാശയ കോളേജ് അധ്യാപകർ നൽകുന്ന സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് എം.എൽ.എ പ്രസ്ഥാവിച്ചു. സ്വാശ്രയ കോളേജ് അധ്യാപകരുടെ സേവനത്തെ വിലക്കുറച്ച് കാണുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും, അവരുടെ ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെയർമാൻ ടി.പി മുജീബ് അധ്യക്ഷത വഹിച്ചു. ആവശ്യങ്ങൾ ഉന്നയിച്ച് സംഘടനാ നേതാക്കൾ വൈസ് ചാൻസലർക്ക് കത്ത് നൽകി.മുൻ സിൻഡിക്കേറ്റ് അംഗം ഡോ വി പി അബ്ദുൾ ഹമീദ് മാസ്റ്റർ, സിൻഡിക്കേറ്റംഗങ്ങളായ, ഡോ. പി റഷീദ് അഹമ്മദ്, സിപി. ഹംസ, മുൻ അക്കാദമിക് കൗൺസിൽ അംഗം
കെ എം ഖലീൽ, ബഷീർ കൈനാടൻ,ആദിൽ കെ കെ എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി കവാടത്തിൽ നിന്നും ആരംഭിച്ച മാർച്ച് അഡിമിനിസ്ട്രേഷൻ ബ്ലോക്കിന് മുന്നിൽ പോലീസ് തടഞ്ഞു.മാർച്ചിന് സ്വാശ്രയ കോളേജ് അധ്യാപക കൂട്ടായ്മ കൺവീനർ ബദരിയ ടി കെ, കോർഡിനേറ്റർ ഷാഫി പുൽപാറ, വൈസ് ചെയർ പേഴ്‌സൺ ഡോ. എൻ ടി അമൃത കുമാരൻ ഭാരവാഹി കളായ പി.കെ നംഷീദ്, ലത്തീഫ് അസ്ലം, നിയാസ് അലി, ഹംസ കെ.യു , സലീം കായക്കൊടി, കെ പി സുഹൈൽ, എന്നിവർ നേതൃത്വം നൽകി.